വൈക്കം: സർക്കാർ നാലു സെന്റ് സ്ഥലവും ഒറ്റമുറി വീടും അനുവദിച്ച് നൽകി 22 വർഷം പിന്നിട്ടിട്ടും നിർധന കുടുംബങ്ങൾക്കു പട്ടയം ലഭിച്ചില്ല. വൈക്കം ഉദയനാപുരം ഇരുന്പൂഴിക്കര രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളാണ് പട്ടയമില്ലാതെ ജീവിക്കുന്നത്. രണ്ടര ഏക്കറോളം വരുന്ന കോളനിയിൽ ഒരു കുടുംബത്തിനു നാലു സെന്റ് സ്ഥലവും വീടുമാണ് ലഭിച്ചത്. ഒരു മുറിയും അടുക്കളയുമായി കരാറുകാരൻ തട്ടിക്കൂട്ടിയുണ്ടാക്കി നൽകിയ വീടുകൾ കാലപ്പഴക്കത്താൽ ജീർണിച്ചു ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
പാസ്റ്റിക്ക് ഷീറ്റ് വിരിച്ചും പാത്രങ്ങൾ നിരത്തിയും ചോർച്ച തടയാൻ ശ്രമിച്ചാണ് കുരുന്നുകളടക്കം വീടുകളിൽ കഴിയുന്നത്. പട്ടയമില്ലാത്തതിനാൽ സർക്കാർ ആവിക്ഷ്കരിക്കുന്ന സഹായധനമോ, പദ്ധതികളുടെ ഗുണഫലമോ നിർധന കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. തികച്ചും പരിതാപകരമായ വീടുകളിൽ താമസിക്കുന്ന ഇവർക്ക് കുറ്റമറ്റ ശൗചാലയങ്ങളില്ല. കോളനിക്കു നടുവിൽ സ്ഥിതി ചെയ്യുന്ന വലിയകുളം മാലിന്യങ്ങൾ നിറഞ്ഞ് കോളനിക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ്. കൂടുതൽ വീടുകളിലും രോഗികളായ വയോജനങ്ങളും കുട്ടികളുമുണ്ട്.
സർക്കാർ വീടും സ്ഥലവുമില്ലാത്തവർക്ക് ധനസഹായം നൽകുന്ന പലപദ്ധതികൾ നടപ്പാക്കുന്പോഴാണ് രണ്ടു പതിറ്റാണ്ടുകൾക്ക് മുന്പ് ലഭിച്ച ഒരു തുണ്ട് ഭൂമിയിൽ പട്ടയമില്ലാതെ ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലുള്ള വീടുകളിൽ ഇവർ കഴിയുന്നത്. രാജീവ് ഗാന്ധി കോളനിക്ക് പുറമെ ഇരുന്പുഴിക്കരയിൽ തന്നെ നിർധന കുടുംബങ്ങൾ പാർക്കുന്ന മൂന്ന് കോളനികൾ വേറെയുണ്ട്.
ഈ കോളനികളിലും കാലപ്പഴക്കത്താൽ ഇടിഞ്ഞു പൊളിഞ്ഞ വീടുകളാണുള്ളത്. സർക്കാർ ലൈഫ് പദ്ധതിയിൽപ്പെടുത്തി കോളനി നിവാസികൾക്ക് കുറ്റമറ്റ വീടൊരുക്കാനും പട്ടയമില്ലാത്ത നിർധന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാനും സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.