വണ്ടിത്താവളം: കെ.കെ.എം ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവേശന കവാടത്തിൽ വിദ്യാർത്ഥികൾക്കും ഇരുചക്രവാഹന യാത്രക്കാർ അപകട ഭീഷണിയായ ഇരുന്പ് തിട്ട നീക്കം ചെയ്യണമെന്നതാണ് അടിയന്തരാവശ്യം. സ്കൂളിൽ 3000 ൽ കൂടുതൽ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയിലാണ് മാർഗ്ഗതടസ്സമായി ഇരുന്പ് തിട്ട നിലകൊള്ളുന്നത്. മുൻകാലത്ത് ബിഎസ്എൻഎൽ ലാന്റ് ഫോണ് കണക്ഷൻ നൽകുന്നതിന് ഈ സ്ഥല ത്തു ബോക്സ് സ്ഥാപിച്ചിരുന്നു.
ടൗണിൽ ഇരുപതോളം ലാന്റ് ഫോണുകൾക്ക് ഈ ബോക്സിൽ നിന്നും കണക്ഷൻ നൽകിയിരുന്നത്. പിന്നീട് മൊബൈൽ ഫോണ് പ്രാബല്യത്തിലെത്തിയതോടെ ലാന്റ് ഫോണുകൾ മിക്കതും തിരികെ നൽകി. ഇതോടെ ബിഎസ്എൻഎൽ അധികൃതർ കണക്ഷൻ ബോക്സ് വേർപ്പെടുത്തി കൊണ്ടുപോയി. എന്നാൽ ബോക്സ് സ്ഥാപിക്കാൻ ഏർപ്പെടുത്തിയ ഇരുന്പ് തിട്ട ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.
സ്കൂൾ വിടുന്ന സമയം 3000 ത്തോളം വിദ്യാർത്ഥികൾ സ്ക്കൂളിനു പുറത്തേക്കു വരുന്പോൾ നിരവധി പേർ പതിവായി ഇരുന്പു തിട്ടയിൽ വീഴാറുണ്ടു്. എൽ.പി വിഭാഗം വിദ്യാർത്ഥികളാണ് കൂടുതലും അപകടത്തിൽപ്പെടാറുള്ളതു്.
വിവിധ ആവശ്യങ്ങൾക്കായി സ്കൂളിലെത്തുന്നവരും അപകടത്തിൽപ്പെടാറുണ്ട്.