എരുമേലി: എരുമേലിയിലെ ചെറുവളളി എസ്റ്റേറ്റ് ഗ്രീൻഫീൽഡ് വിമാനത്താവളമാകുമോയെന്നുറപ്പിക്കാൻ കാലതാമസമില്ല. ഇനി നടത്തുന്ന സാധ്യതാ പഠനമാണ് വിമാനതാവളം എവിടെയാണെന്ന് അന്തിമമായി തീരുമാനിക്കുക. പക്ഷെ വഴിമുടക്കിയായി എസ്റ്റേറ്റിനെതിരെയുളള സർക്കാർ കേസുകൾ മാറുമോയെന്നാണ് ആശങ്ക.
പദ്ധതിക്കെന്ന പേരിൽ ചെറുവളളിക്കായി ഒരു ഏജൻസി കോടികൾ ചെലവിട്ടത് മുൻനിർത്തി മറ്റേതെങ്കിലും അന്താരാഷ്ര്ട കമ്പനിക്ക് സാധ്യതാ പഠനചുമതല നൽകാനാണ് നീക്കം. ഇന്നലെയാണ് സംസ്ഥാന മന്ത്രിസഭായോഗം പദ്ധതിക്കനുമതി നൽകിയത്. രാജു എബ്രഹാം എംഎൽഎ നിയമസഭയിലുന്നയിച്ച സബ്മിഷന്റെ തീരുമാനപ്രകാരം ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു.
റിപ്പോർട്ടിലെ നിർദേശപ്രകാരം ചെറുവളളി, കുമ്പഴ, ളാഹ എസ്റ്റേറ്റുകളാണ് ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കു വേണ്ടി പരിഗണിക്കുന്നത്. ഇതിലേതാണ് അനുയോജ്യമെന്നറിയാൻ സാധ്യതാ പരിശോധന നടത്തും. പരിശോധനയിൽ പരിസ്ഥിതി ആഘാതമുണ്ടോയെന്നും നിർമാണത്തിന് ചെലവ് കുറവാണോയെന്നും അനുയോജ്യമായ ഗതാഗത സൗകര്യമുണ്ടോയെന്നുമാണ് പ്രധാനമായി പരിശോധിക്കുക. ഇതിനായി രാജ്യാന്തര നിലവാരമുളള കമ്പനിയാണ് പഠനം നടത്തുക. കമ്പനിയെ തീരുമാനിക്കുന്നതിന് സംസ്ഥാന വ്യവസായ കോർപ്പറേഷന് ചുമതല നൽകി.
വിമാനത്താവള നിർമാണ പഠനരംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ര്ട കമ്പനിയെയാണ് തെരഞ്ഞെടുക്കുക. വിദേശമലയാളി സംഘടനയ്ക്കു വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് അനുകൂലമാണെന്ന് പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാകും പഠനം നടത്തുക. ഇത് പഠനം സുതാര്യവും പക്ഷപാതരഹിതവുമാക്കാനാണെന്ന് പറയുന്നു. സാദ്ധ്യതാ പഠനത്തിൽ ചെറുവളളിയെ തെരഞ്ഞടുത്തെങ്കിൽ മാത്രമാണ് പ്രതീക്ഷയ്ക്ക് ഉറപ്പ് ലഭിക്കുക.
ചെറുവളളിക്കെതിരെയുളള കേസുകൾ കമ്പനിയുടെ പഠനത്തിൽ വിലയിരുത്തും. ഇത്രയും കാലവും അനധികൃത ഭൂമിയായി കണ്ട് ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടികളിലേക്ക് എത്തിയ സർക്കാരിന് ഇനി എസ്റ്റേറ്റ് കെ.പി. യോഹന്നാന്റേതാണെന്നംഗീകരിച്ച് വിമാനതാവളത്തിനായി ധാരണയുണ്ടാക്കാൻ നിയമപരമായി കഴിയുമോയെന്നുളളതാണ് പ്രസക്തമായ വിഷയം. നിയമവൃത്തങ്ങൾ ആകാംഷയോടെ ഉറ്റുനോക്കുന്ന ഈ വിഷയം മാത്രമാണ് നിലവിൽ ചെറുവളളിയെ പ്രതികൂലമാക്കുന്നത്.
പരിസ്ഥിതിക്ക് ആഘാതമില്ലാത്തവിധം കുന്നുകളും മലഞ്ചെരുവുകളുമില്ലാത്ത ചെറുവള്ളിയിൽ റൺവേ ഉൾപ്പെടെ വിമാനത്താവള നിർമാണത്തിന് ചെലവ് കുറവാണെന്നാണ് പ്രാഥിമികമായ വിലയിരുത്തൽ. ഇത് മുൻനിർത്തി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങി സൗജന്യമായി സർക്കാരിന് നൽകാൻ വിദേശമലയാളികളുടെ ഒരു സംഘടന തയാറാണ്. അങ്ങനെ നടത്തുന്നപക്ഷം വിമാനത്താവള നിർമാണവും നടത്തിപ്പും ഈ ഏജൻസിക്ക് നൽകേണ്ടിവരും. ഏജൻസിക്ക് എസ്റ്റേറ്റ് കൈമാറാൻ ബിലീവേഴ്സ് ചർച്ച് സമ്മതിക്കുകയും വേണം.
നിലവിൽ നെടുമ്പാശേരി വിമാനത്താവളം നിർമിച്ചത് പോലെ സിയാൽ മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്രാ നിലവാരമുള്ള വിമാനത്താവളം ശബരിമലക്ക് അടുത്ത് നിർമിക്കാൻ സർക്കാർ തയാറാണെന്ന് മാസങ്ങൾക്ക് മുമ്പ് പമ്പയിൽ നടത്തിയ ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
ഇത് വിമാനത്താവള നിർമാണത്തിന് മുതൽ മുടക്കാൻ സ്വകാര്യകമ്പനികൾക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. മദ്ധ്യതിരുവിതാംകൂറിന്റെ അവസാന പ്രതീക്ഷയായിരുന്ന ആറന്മുള വിമാനത്താവളം നടക്കില്ലെന്നുറപ്പായതോടെ ശബരിമല കേന്ദ്രീകരിച്ച് പുതിയ വിമാനത്താവള പദ്ധതിക്ക് നീക്കം ആരംഭിച്ചത് വിദേശമലയാളികളിൽ പ്രതീക്ഷ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
നിലവിൽ എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഹെലിപ്പാടുകൾ ഉണ്ട്. വിമാനത്താവളം യാഥാർഥ്യമായാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് വൻവികസന സാദ്ധ്യതയാണ് തുറക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ രൂക്ഷമായ തൊഴിൽസമരത്തിന് ഇതോടെ പരിഹാരമാകുകയും തൊഴിലാളികളെ ഏറ്റെടുത്ത് തൊഴിൽ സുരക്ഷിതത്വം ഉറപ്പാകുകയും ചെയ്യും.