എരുമേലി: യുവതികൾ കയറി ആചാരലംഘനം നടത്തിയ ശബരിമലയിലേക്ക് പോകുന്നില്ലെന്നറിയിച്ച് നാലംഗ കാൽനട തീർഥാടക സംഘം എരുമേലിയിൽ യാത്ര നിർത്തി മടങ്ങി. നെയ്യാറ്റിൻകരയിൽ നിന്നു യാത്ര ആരംഭിച്ച് നഗ്നപാദരായി 200 കിലോമീറ്റർ നടന്നെത്തിയ സംഘമാണ് ശബരിമല യാത്ര ഉപേക്ഷിച്ചത്.
ഇന്നലെ എരുമേലിയിൽ എത്തിയപ്പോഴാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമല സോപാനത്ത് ദർശനം നടത്തിയെന്ന വാർത്ത പരന്നത്. ഇത് വാസ്തവമാണെന്ന് ബോധ്യമായതോടെ യാത്ര ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് നെയ്യാറ്റിൻകര സ്വദേശികളായ അനിൽ, ബാബു, സുഭാഷ്, സുനിൽ എന്നിവർ പറഞ്ഞു.
എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ (വലിയമ്പലം) ശ്രീകോവിലിനു മുന്നിലെ കൊടിമരച്ചുവട്ടിൽ ഇരുമുടിക്കെട്ടുകൾ സമർപ്പിച്ചാണ് നാല് പേരും ശബരിമല തീർഥാടന യാത്ര ഉപേക്ഷിച്ചത്. ഇരുമുടിക്കെട്ട് അഴിച്ച് നെയ്ത്തേങ്ങകൾ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. തുടർന്ന് മാല ഊരി പ്രാർഥനകൾക്കും പ്രായശ്ചിത്ത പൂജകൾക്കും ശേഷം മടങ്ങി.
ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെയും തകർക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് ഇവർ പറഞ്ഞു. ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്ന യഥാർഥ ഭക്തർക്കും വിശ്വാസികൾക്കും വേണ്ടിയാണ് യാത്ര ഉപേക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു.