എരുമേലി: ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്. അപകടത്തിൽ മരിച്ച ശ്യാമിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
സുഹൃത്ത് രാഹുലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇരുവരും സഞ്ചരിച്ച ആഡംബര ബൈക്ക് നിയന്ത്രണം തെറ്റി ഇന്നോവ കാറിൽ ഇടിച്ചായിരുന്നു അപകടം.
ചേനപ്പാടി ബിന്ദു ഭവനിൽ സന്തോഷ്-ബിന്ദു ദന്പതികളുടെ മകനായ ശ്യാം സന്തോഷ് (22), സുഹൃത്ത് മുക്കട കിഴക്കേപറന്പിൽ സുരേന്ദ്രൻ-രജനി ദന്പതികളുടെ മകൻ രാഹുൽ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച രാത്രി 8.45 ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പെട്രോൾ ബങ്കിന് അടുത്ത് കള്ളുഷാപ്പിന് മുന്പിലായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്ക് മലങ്കര ഓർത്തഡോക്സ് സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് ഛിന്നഭിന്നമായി പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കുകളില്ല.
പീരുമേട്ടിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പോലീത്ത. ബൈക്ക് യാത്രികർ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്പണിക്കാരായ യുവാക്കളാണ്.
അപകടമറിഞ്ഞെത്തിയ നാട്ടുകാരാണ് എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചുവരുത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചത്.
സ്ഥലത്ത് വച്ചുതന്നെ മരിച്ച നിലയിലായിരുന്ന ശ്യാം സന്തോഷ്.ഗുരുതരമായി പരിക്കേറ്റ രാഹുൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.
അപകടത്തിന് കാരണം ബൈക്കിന്റെ അമിത വേഗമായിരുന്നെന്ന് എരുമേലി പോലീസ് അറിയിച്ചു. മരണപ്പെട്ട ശ്യാമിന്റെ ഏക സഹോദരൻ സനിൽ. രേഷ്മ, റമീഷ എന്നിവരാണ് രാഹുലിന്റെ സഹോദരങ്ങൾ.