കോട്ടയം: ശരീരത്തിലൂടെ ബസ് ചക്രം കയറിയിറങ്ങിയ യുവാവിനു ഗുരുതര പരിക്കേറ്റു. എരുമേലി പാത്തിക്കക്കാവ് സ്വദേശി ലിബിനാണ് ബൈക്കിൽ വരുന്നതിനിടെ ബസിലിടിച്ച് തെറിച്ചുവീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ടരയോടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്താണ് അപകടം. വേഗതയിലെത്തിയ ബസ് ടിബി റോഡിലേക്ക് പ്രവേശിക്കുന്ന സമയം ലിബിൻ ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ബസ് വലത്തേക്ക് എടുത്തപ്പോൾ ലിബിൻ ബസിലിടിച്ചു തെറിച്ചുവീണു. റോഡിൽ വീണ ലിബിന്റെ ശരീരത്തിലുടെ ബസ് കയറിയിറങ്ങി.
ഓടിയെത്തിയ നാട്ടുകാർ ലിബിനെ ആംബുലൻസിലെത്തിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മുക്കൂട്ടുതറയിൽനിന്നു പൊൻകുന്നത്തിനു യാത്രക്കാരുമായി പോവുകയായിരുന്ന സെന്റ് ആന്റണീസ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.