എരുമേലി: പഞ്ചായത്ത് ഓഫീസിനടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിലേക്ക് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തുന്നതു ഭീതിയോടെ. ഓഫീസിന്റെ വളപ്പിൽ വർഷങ്ങളായി വെട്ടിത്തെളിക്കാതെ കാടു വളർന്നു ഭീതി നിറയ്ക്കുകയാണ്.
മൂർഖൻ പാമ്പും ഇഴജന്തുക്കളും തെരുവ്നായ്ക്കളും കുട്ടിവനത്തിൽ വിഹരിക്കുകയാണ്. പലപ്പോഴും ഫണം വിരിച്ച് നിൽക്കുന്ന മൂർഖൻ പാമ്പ് ക്വാർട്ടേഴ്സിനകത്ത് പ്രവേശിച്ച് ഭീതിപരത്തിയതിനാൽ ക്വാർട്ടേഴ്സ് ഉപേക്ഷിക്കേണ്ടിവന്ന ജീവനക്കാരിൽ പലരും ഇപ്പോൾ പുറത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
പഞ്ചായത്ത് ഓഫീസ്, ഹോമിയോ ആശുപത്രി, സബ് ട്രഷറി, മൃഗാശുപതി, സർവീസ് സഹകരണ ബാങ്ക് എന്നിവ പ്രവർത്തിക്കുന്നതു സമീപത്താണ്.
ഈ സ്ഥാപനങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും സ്കൂളുകളിലേക്കും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും വലിയമ്പലത്തിലേക്കും ഗണപതി ക്ഷേത്രത്തിലേക്കും ജനം പോകുന്നതു ബിഎസ്എൻഎൽ ഓഫീസിന്റെ മുൻ വശത്തുള്ള റോഡിലൂടെയാണ്. രാവും പകലും ഭേദമില്ലാതെ ഇതുവഴി ആൾ സഞ്ചാരമുള്ള റോഡാണ്.
പകലും രാത്രിയിലും പലരും ബിഎസ്എൻഎൽ പടിക്കൽ പാമ്പിനെ കണ്ടു ഭയന്നിട്ടുണ്ട്. ഇപ്പോൾ ദിവസവും ധാരാളം അയ്യപ്പഭക്തന്മാർ തങ്ങുന്ന സങ്കേതമാണ് ബിഎസ്എൻഎൽ ഓഫീസിന്റെ എതിർ വശത്തുള്ള മൈതാനം.
ദിവസവും ഇവിടെ അയ്യപ്പ ഭക്തർ വിരിവച്ച് വിശ്രമിക്കുന്നുണ്ട്. ബിഎസ്എൻഎൽ അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇത്തരം സ്ഥിതിവിശേഷം ഉണ്ടാകാൻ ഇടയാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി കാടുകൾ വെട്ടിതെളിച്ച് ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.