എരുമേലി: മഹല്ലാ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവം ഇന്നു വിപുലമായ പരിപാടികളോടെ നടത്തും. അലിഖിതമായ ചരിത്രസത്യം വായ്മൊഴിയിലൂടെ പകർന്നേകിയ അനുഷ്ഠാനകർമങ്ങളാണ് എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും. നാളെ നടക്കുന്ന പേട്ടതുള്ളലിനു മുന്നോടിയായിട്ടാണ് ചന്ദനക്കുടം മഹോത്സവം അരങ്ങേറുന്നത്. മതമൈത്രിക്കു പുറമേ ദേശത്തിന്റെ സാംസ്കാരികതയുടെ അടയാളം കൂടിയാണ് ചന്ദനക്കുട ആഘോഷം.
ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന ചന്ദനക്കുട മഹോത്സവം കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിക്കും. മേരിക്വീൻസ് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, കുറുവാമൂഴി ആത്മബോധിനി ആശ്രമം സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ട്രഷറർ സി.യു. അബ്ദുൾ കരീം, തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ പി. ദിലീപ് കുമാർ, അന്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോർ എൻ. ഗോപാലകൃഷ്ണപിള്ള, മുൻ പിഎസ്സി അംഗം പി.കെ. വിജയകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ് സഖറിയ ഡോമിനിക്, എൻഎസ്എസ് കരയോഗം പ്രസിഡന്റ് ടി. അശോക് കുമാർ, എസ്എൻഡിപി ശാഖ സെക്രട്ടറി ഷാജി നെൽപ്പുരക്കൽ, മല അരയ മഹാസഭ ശാഖ പ്രസിഡന്റ് പ്രസന്നൻ പറപ്പള്ളിൽ, കെപിഎംഎസ് സെക്രട്ടറി എ.സി. അനിൽ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി, സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വിശ്വകർമ സഭ ശാഖ പ്രസിഡന്റ് ഹരിദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിക്കും.
വൈകുന്നേരം 6.15നു നടക്കുന്ന ചന്ദനക്കുട ഘോഷയാത്ര പൊതുസമ്മേളനം ദേവസ്വം പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹകരണ തുറമുഖ മന്ത്രി വി.എൻ. വാസവൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ സുവനീർ പ്രകാശനം ചെയ്യുകയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഏറ്റുവാങ്ങുകയും ചെയ്യും.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എരുമേലി അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറന്പിൽ, ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ്, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് തുടങ്ങിയ മതസാമുദായിക രാഷ്്ട്രീയ നേതാക്കൾ പങ്കെടുക്കും.
ചന്ദനക്കുടം മഹോത്സവത്തിനും ഘോഷയാത്രയ്ക്കും ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് പഴയതാവളം, സെക്രട്ടറി സി.എ.എം കരീം ചക്കാലക്കൽ, ചന്ദനക്കുടം ആഘോഷ കമ്മിറ്റി കൺവീനർ അൻസാരി പാടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.