എരുമേലി : മുളമൂട്ടിൽ ഫിനാൻസ് ശാഖയിൽനിന്ന് അഞ്ചു കിലോയോളം സ്വർണം രേഖകളിൽ തിരിമറി നടത്തി കവർന്ന കേസിൽ മുഖ്യ പ്രതി പോലീസിൽ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതിയെ തട്ടിപ്പിന് സഹായിച്ച രണ്ടു യുവാക്കൾ കൂടി ഉടനെ അറസ്റ്റിലാകുമെന്നു സൂചനയുണ്ട്.
ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറി അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന (30) ആണ് കീഴടങ്ങിയത്. ജെസ്നയുടെ സഹോദരനെ സ്റ്റേഷനിൽ വരുത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് ജെസ്ന കീഴടങ്ങിയത്.സ്വർണം വിൽക്കാൻ സഹായിച്ച കനകപ്പലം സ്വദേശികളായ യുവാക്കൾ ആണ് കേസിലെ മറ്റ് പ്രതികൾ.
ജെസ്ന മുഖേനെ ഇവർ ലക്ഷങ്ങൾ സ്വന്തമാക്കിയതായി പറയുന്നു. മുളമൂട്ടിൽ ഫിനാൻസ് ശാഖയിൽ കാഷ്യർ കം ഓഫീസ് അസിസ്റ്റന്റ് ആയി എട്ടു വർഷമായി ജോലി ചെയ്യുകയായിരുന്നു ജെസ്ന. തട്ടിപ്പ് ആരംഭിച്ചിട്ട് രണ്ടു വർഷമായി. ജെസ്ന ഉൾപ്പടെ ജീവനക്കാർക്ക് സ്ഥാപനം തുച്ഛമായ വേതനമാണ് നൽകിയിരുന്നതെന്നു പറയുന്നു.
തുടക്കത്തിൽ 2500 രൂപ ആയിരുന്നു മാസശന്പളം. ഇത് ഇരട്ടിയാക്കി വർധിപ്പിച്ചിട്ട് ഏതാനും വർഷങ്ങളായി. സ്വർണ പണയവും ലക്ഷങ്ങളുടെ ഇടപാടുകളും ഉൾപ്പടെ പ്രാധാനപ്പെട്ട ജോലി ചെയ്യുന്പോൾ മാന്യമായ വേതനം ലഭിക്കാതിരുന്നത് തട്ടിപ്പ് നടത്താൻ പ്രേരകമായെന്നു പറയപ്പെടുന്നു.
ദിവസവും രാവിലെ 9.30മുതൽ വൈകിട്ട് 5.30 വരെ ജോലി ചെയ്യേണ്ടി വരുന്നു. മികച്ച വസ്ത്രധാരണവും ആകർഷകമായ പെരുമാറ്റവും നിർബന്ധമാണ്. എന്നാൽ ഇതിന് തക്ക പ്രതിഫലം ലഭിച്ചിരുന്നില്ല. മാന്യമായ ജോലിയാണെന്ന് പുറത്ത് അറിയപ്പെടുന്പോൾ ജീവിത സാഹചര്യം മെച്ചപ്പെടാത്ത വിധമുള്ള വേതനം ലഭിച്ചിരുന്നത് തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം.
ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ തട്ടിപ്പിന്റെ പൂർണ രൂപം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. ഇടപാടുകാർക്ക് തിരിച്ചെടുക്കാനാവാത്ത പണയ സ്വർണങ്ങളാണ് പ്രതി മറ്റു പ്രതികളുടെ സഹായത്തോടെ വിറ്റിരുന്നത്. വിറ്റ് കിട്ടുന്ന തുക ഉയർന്ന പലിശക്ക് ഇവർ മുഖേന വായ്പ നൽകിയിരുന്നെന്നു പറയപ്പെടുന്നു. വില്പന നടത്തിയിരുന്ന സ്ഥാപനങ്ങളിൽ തെളിവെടുപ്പ് നടത്താൻ നീക്കമുണ്ട്.
സ്വർണത്തിനു പകരം വ്യാജ ആഭരണങ്ങളും തൂക്കം ഒപ്പിക്കാൻ അഞ്ച് രൂപയുടെ നാണയങ്ങളും സേഫ്റ്റി പിൻ, സ്റ്റാപ്ലയർ എന്നിവയാണ് ലോക്കറിൽ പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്നത്. കൂടാതെ ഇടപാടുകാർ പണയം തിരിച്ചെടുക്കുന്പോഴും തട്ടിപ്പ് നടത്തിയിരുന്നു.
പലിശ അടച്ച് പണയം പുതുക്കി വെച്ചതായി രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇടപാടുകാർ പണയം തിരിച്ചെടുക്കുന്പോൾ പലിശ ഒഴികെയുള്ള തുക ജീവനക്കാരിയാണ് കൈക്കലാക്കിയിരുന്നത്. തിരിമറി കാട്ടി ഒന്നര കോടിയോളം രൂപ അപഹരിച്ചത് പലപ്പോഴായാണ്.
അപ്പോഴൊന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോ അധികൃതരോ അറിഞ്ഞിരുന്നില്ല. പണയം വെച്ച ശേഷം 15ദിവസത്തിനകം നടത്തുന്ന പരിശോധനയിൽ മാത്രമാണ് പായ്ക്കറ്റ് തുറന്ന് സ്വർണത്തിന്റെ തൂക്കവും മാറ്റും പരിശോധിച്ചിരുന്നത്. ഇത് തട്ടിപ്പ് അറിയാതിരിക്കാൻ കാരണമായി.