എരുമേലി: സമഭാവനയോടെ എരുമേലി ചന്ദനക്കുടം, പേട്ടതുളളൽ ഒരുക്കങ്ങളായി. മുസ്ലിം ജമാഅത്തിന്റെ ചന്ദനക്കുടാഘോഷം നാളെയും അന്പലപ്പുഴ-ആലങ്ങാട്ട് ഭക്തസംഘങ്ങളുടെ പേട്ടതുള്ളൽ അനുഷ്ഠാനം 11നും നടക്കും. അയ്യപ്പഭക്തരുടെ വൻതിരക്കിലാണ് എരുമേലിയിപ്പോൾ. ദീപാലങ്കാരങ്ങളുടെ മനോഹാരിത നിറഞ്ഞ നൈനാർ ജുമാ മസ്ജിദും കൊച്ചന്പലവും കാണാൻ രാത്രിയിൽ പേട്ടക്കവലയിൽ തിരക്കാണ്.
10നു വൈകുന്നേരം അഞ്ചിന് അന്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തോടെയാണു ചന്ദനക്കുടാഘോഷം ആരംഭിക്കുക. ആന്റോ ആന്റണി എംപി, പി.സി. ജോർജ് എംഎൽഎ തുടങ്ങിയവർ അന്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്കും പേട്ടതുള്ളൽ സംഘം ഭാരവാഹികൾക്കും സമ്മേളനത്തിൽ സ്വീകരണം നൽകും.
മന്ത്രി വി.എസ്. സുനിൽകുമാർ ചന്ദനക്കുട ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ഘോഷയാത്ര പേട്ടക്കവലയിൽനിന്നും ചരളയിലെത്തി തിരികെ മടങ്ങി വലിയന്പലത്തിലെത്തി ദേവസ്വം പ്രതിനിധികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.
പേട്ടക്കവലയിൽ ഘോഷയാത്രക്ക് ജില്ലാ ഭരണകൂടം സ്വീകരണം നൽകും. ഒപ്പം വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, വ്യാപാരി സംഘടനകൾ തുടങ്ങിയവർ സ്വീകരിക്കും. വലിയന്പല ജംഗ്ഷനിൽ പോലീസിന്റെ നേതൃത്വത്തിൽ സ്വീകരണമുണ്ട്. കൊട്ടക്കാവടി, ശിങ്കാരിമേളം, മാപ്പിള ഇശൽ കലാവിരുന്ന് തുടങ്ങിയവ ഘോഷയാത്രയുടെ പിൻനിരയിൽ കലാശോഭ പകരും.
11നു രാവിലെ 11നു അന്പലപ്പുഴ പേട്ടതുള്ളലിനു തുടക്കമാകും. അന്പലപ്പുഴ സംഘം സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നൈനാർ മസ്ജിദിൽ പ്രവേശിച്ചു വാവരുടെ പ്രതിനിധിയെ ഒപ്പം ചേർത്താണു പേട്ടതുളളൽ നടത്തുക. ഉച്ചകഴിഞ്ഞ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും.
വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മസ്ജിദിൽ കയറില്ലെങ്കിലും കവാടത്തിനു മുന്പിൽനിന്ന് ആദരവർപ്പിക്കും. ഇരുസംഘങ്ങളെയും പൂക്കളും കളഭങ്ങളും വിതറിയാണ് ജമാഅത്ത് സ്വീകരിക്കുക.
ചന്ദനക്കുടം, പേട്ടതുള്ളൽ മുൻനിർത്തി വിപുലമായ സുരക്ഷാസന്നാഹങ്ങളും ക്രമീകരണങ്ങളും ഒരുക്കിയെന്ന് എസ്പി ഹരിശങ്കർ അറിയിച്ചു. ജില്ലാ കളക്ടർ സ്ഥലത്തെത്തി മേൽനോട്ടം വഹിക്കും. ആയിരത്തോളം പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഗതാഗതം തടയാതെ വണ്വേയും നിയന്ത്രണവും ഏർപ്പെടുത്തിയാണ് ട്രാഫിക് ക്രമീകരിക്കുകയെന്നു പോലീസ് അറിയിച്ചു.