എരുമേലി: അന്ന് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഉദ്ഘാടനം! ഇപ്പോൾ നടന്നത് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനം.
രണ്ടു തവണ ഉദ്ഘാടനം കഴിഞ്ഞിട്ടും എരുമേലി പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഷീ ഹോസ്റ്റലിന് മുറികളുടെ വാടക നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം.
എരുമേലി – മുക്കൂട്ടുതറ റോഡിൽ ചെന്പകപ്പാറയിലാണ് ഷീ ഹോസ്റ്റൽ. 2020 ഒക്ടോബർ പത്തിനായിരുന്നു ആദ്യം ഉദ്ഘാടനം.
അന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാൽ ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ നിർമിക്കാതെയായിരുന്നു ധൃതിയിൽ ഉദ്ഘാടനം. അന്ന് ഇതിനെതിരേപ്രതിഷേധവുമായി ബിജെപി പ്രവർത്തകർ റീത്ത് സമർപ്പിക്കുകയും ചെയ്തു.
ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നാട മുറിച്ച് വീണ്ടും ഉദ്ഘാടനം നിർവഹിച്ചു. രണ്ട് സിംഗിൾ മുറികൾ, രണ്ട് ഡബിൾ മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, പ്രവേശന ഹാൾ, ഓഫീസ് മുറി, ശൗചാലയം എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയമാണ് ഷീ ഹോസ്റ്റലിനായി നിർമിച്ചിട്ടുള്ളത്.
മാസം തോറും ജീവനക്കാർക്ക് വേതനം, വൈദ്യുതി വാടക അടക്കം നല്ലൊരു തുക പഞ്ചായത്ത് ഫണ്ടിൽ നിന്ന് വിനിയോഗിക്കേണ്ടതിനാൽ കാര്യമായ വരുമാനം ലഭിക്കാത്ത സംരംഭമാണ് ഷീ ഹോസ്റ്റലെന്ന് അഭിപ്രായം ശക്തമായിരുന്നു.
ഇക്കാരണത്തിൽ ഹോസ്റ്റലിന്റെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം മുറുകിയതോടെയാണ് കഴിഞ്ഞ ഒന്നര വർഷമായി കെട്ടിടം അടഞ്ഞുകിടന്നത്.
ഇതിനിടെ കുടുംബശ്രീയെ ഏൽപ്പിക്കാൻ ആലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. നിലവിൽ ഒരു വാർഡനെ നിയമിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, കെ.ആർ. അജേഷ്, ജെസ്ന നജീബ്, ജിജി മോൾ സജി, മറിയാമ്മ തുടങ്ങിയവർ പങ്കെടുത്തു.