എരുമേലി: മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അയ്യപ്പഭക്തർ കുളിച്ചിരുന്ന സ്ഥാനത്ത് മനസും ശരീരവും കുളിർത്ത് ഉന്മേഷം പകരുന്ന പുണ്യസ്നാനം ഒരുക്കിയതിന് നന്ദി പറയേണ്ടത് മുൻ ചീഫ് സെക്രട്ടറിയുടെ കവിഹൃദയത്തോട്.
ഒപ്പം മുൻ ജില്ലാ കളക്ടർ പി. വേണുഗോപാൽ, മുൻ സ്പെഷൽ ജഡ്ജ് ബാബു എന്നിവരുടെ കൈകളുമുണ്ട്.എരുമേലിയിൽ പേട്ടതുള്ളി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിക്കഴിയുമ്പോൾ സ്നാനം നടത്തേണ്ടത് ആചാരമാണ്.
എന്നാൽ അതിനായി മലിനജലത്തിലിറങ്ങേണ്ട സ്ഥിതിയായിരുന്നു വർഷങ്ങൾക്ക് മുമ്പുവരെ. അത് മാറ്റി ഷവർ ബാത്ത് സംവിധാനം കൊണ്ടുവന്നത് ഘനശ്യാമമോഹനകൃഷ്ണാ..
എന്നത് ഉൾപ്പെടെ ശുദ്ധസംഗീതം തുളുമ്പുന്ന ഒട്ടേറെ ഹൃദയഹാരിയായ ചലച്ചിത്രഗാനങ്ങൾ രചിച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആയിരുന്നു.
ഒരു കിലോമീറ്ററോളം ദൂരമാണ് പേട്ടതുള്ളേണ്ടത്. അതും ചെരുപ്പില്ലാതെ പകൽ ചുട്ടുപൊള്ളുന്ന ചൂടിൽ ടാർ റോഡിൽ. രാത്രിയിലും പുലർച്ചെയുമാണെങ്കിൽ തുളച്ചു കയറുന്ന തണുപ്പും മഞ്ഞും സഹിക്കണം. പേട്ടതുള്ളൽ കഴിഞ്ഞാണ് ആചാരപരമായ പുണ്യസ്നാനം. ഇതിനുശേഷം ശബരിമല ചവിട്ടാം.
എരുമേലി പേട്ടക്കവലയിൽ കൊച്ചമ്പലത്തിൽനിന്നു പേട്ടതുള്ളൽ തുടങ്ങി ജുമാ മസ്ജിദിൽ വലംചുറ്റി വലിയമ്പലംവരെ ടാർ റോഡിൽ ചെരുപ്പില്ലാതെ ഒരു കിലോമീറ്ററോളം ദൂരം അയ്യപ്പനെ ശരണം വിളിച്ച് തുള്ളിയെത്തുന്ന അയ്യപ്പഭക്തർ ക്ഷീണം മറക്കുന്നത് കുളി നടത്തുമ്പോഴാണ്.
അത് മലിനജലത്തിലാകുമ്പോൾ ക്ഷീണം മാത്രമല്ല രോഗങ്ങളും കൂടും. എന്നാൽ അതിന് പകരം ഷവറിലൂടെ ശുദ്ധജലം വീഴുമ്പോൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം.
മലിനജലത്തിലെ കുളി ഇനി പഴങ്കഥ
മുമ്പ് ഇങ്ങനെയായിരുന്നില്ല. എല്ലാവരും തോട്ടിലെ ചെക്ക് ഡാമിൽ മുങ്ങിക്കുളിക്കണം. അഴുക്കും ചെളിയും സിന്ദൂരപ്പൊടികളും സോപ്പ് ലായനികളും ഷാംപൂ കവറുകളും ഷാമ്പു ലായനികളും എല്ലാം മാലിന്യങ്ങളായി അടിഞ്ഞ വെള്ളമാണ് ചെക്ക് ഡാമിൽ.
പാപമോചനം തേടി കഷ്ടതകൾ സഹിച്ച് ശബരിമലയ്ക്ക് പോകാൻ എത്തുന്ന അയ്യപ്പഭക്തർ എരുമേലിയിൽ കുളിക്കുന്നതോടെ സാംക്രമിക രോഗങ്ങൾക്കിരയാകുന്ന സ്ഥിതിയായിരുന്നു.
ഇതിന് മാറ്റം കണ്ടെത്താൻ നിയമസഭാ പരിസ്ഥിതി സമിതിയും മലിനീകരണ നിയന്ത്രണ ബോർഡുമൊക്കെ പലവട്ടം വിവിധ മാർഗങ്ങൾ ആലോചിച്ചതാണ്. പക്ഷേ ഒന്നും നടന്നില്ല.
അങ്ങനെയിരിക്കെയാണ് ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ കെ. ജയകുമാറിന്റെ വരവ്. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവും ചിത്രകാരനുമൊക്കെയായ ജയകുമാർ നിർദേശിച്ച പരിഹാരമായിരുന്നു ഷവർ ബാത്ത്.
അന്ന് സ്പെഷൽ ജഡ്ജ് ആയിരുന്ന ബാബുവും ജില്ലാ കളക്ടറായിരുന്ന പി. വേണുഗോപാലും നിർദേശം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങി. കുളിക്കടവിന്റെ ഇരു കരകളിലും അങ്ങനെ ഷവർ ബാത്തുകൾ സ്ഥാപിച്ചു.
കഴിഞ്ഞ കോവിഡ് കാലത്ത് തോട്ടിൽ കുളി പാടില്ലെന്ന് വിലക്കിയപ്പോൾ ആശ്വാസമായി മാറിയതും ഷവർ ബാത്ത് സംവിധാനമായിരുന്നു. അന്ന് നൽകിയ ശിപാർശയിൽ ഒന്നായിരുന്നു കുളിക്കടവിന്റെ കരയിൽ ജല ശുദ്ധീകരണ പ്ലാന്റ്. എന്നാൽ ഈ നിർദേശം ഇനിയും നടപ്പിലായിട്ടില്ല.