എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിൽനിന്ന് ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി കോടതിയിൽ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചന. ഓഫീസ് അസിസ്റ്റൻറ് കം കാഷ്യർ ആയ, കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന അജി(30)യാണു തട്ടിപ്പ് നടത്തി മുങ്ങിയിരിക്കുന്നത്. ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുടെ ഭാര്യയാണു പ്രതി.
ഇതോടെ ഭർത്താവിനെതിരേ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നു കഴിഞ്ഞു. അതേസമയം തട്ടിപ്പിൽ തനിക്കു പങ്കില്ലെന്നാണു ഭർത്താവ് പാർട്ടി നേതൃത്വത്തിനു നല്കിയിരിക്കുന്ന വിശദീകരണം. തട്ടിപ്പ് നടത്താൻ ജീവനക്കാരിക്കു രണ്ടു പേരുടെ സഹായം ലഭിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പണയം വയ്ക്കുന്ന സാധനങ്ങൾ 15 ദിവസത്തിനു ശേഷം പരിശോധിച്ച് പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീടു പരിശോധനകൾ നടത്താറില്ല. ഇതു തട്ടിപ്പിനു സഹായകമായി മാറിയെന്നു പോലീസ് പറഞ്ഞു. പണയ സ്വർണം ഇടപാടുകാർ തിരിച്ചെടുക്കുന്പോൾ തുക കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. പണയം പുതുക്കി വച്ചതായി വ്യാജരേഖ തയറാക്കി പണയമുതലിനു പകരം മുക്കുപണ്ടവും നാണയത്തുട്ടുകളും വച്ചാണു ജീവനക്കാരി പണം തട്ടിയത്.
ഇടപാടുകാർ പണയം തിരിച്ചെടുത്തതു രേഖയിൽ ഉൾപ്പെടുത്താതെ 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വർണാഭരണങ്ങൾക്കു പകരം വ്യാജസ്വർണാഭരണങ്ങളും തൂക്കം ഒപ്പിക്കാൻ അഞ്ച് രൂപയുടെ നാണയതുട്ടുകളുമാണു പായ്ക്കറ്റുകൾക്കുളളിൽ സൂക്ഷിച്ചിരുന്നത്. ഈ പണയങ്ങൾക്ക് പലിശത്തുക യഥാസമയം അടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടപാടുകാർ ആരും നേരിട്ട് എത്തിയിരുന്നില്ല.
ഇതു സംശയം സൃഷ്ടിച്ചതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തട്ടിപ്പ് ബോധ്യമായതോടെ പരാതി നൽകി.
തട്ടിയെടുത്ത പണം പലർക്കും ഉയർന്ന പലിശയ്ക്കു നൽകി നേടുന്ന ലാഭത്തിൽനിന്നാണ് ജീവനക്കാരി കൃത്യമായി പലിശ അടച്ചുകൊണ്ടിരുന്നതെന്നും പറയുന്നു. മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണു പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എരുമേലി പോലീസ് ഇൻസ്പെക്ടർ ടി. ഡി. സുനിൽ കുമാർ പറഞ്ഞു.