എരുമേലി : 1.3 കോടിയുടെ സ്വർണപ്പണയ തട്ടിപ്പു നടത്തിയ കേസിൽ പോലീസ് പിടിയിലായ മുഖ്യപ്രതി തന്നെ കുടുക്കിയ സ്ഥാപനത്തിലെ മറ്റുജോലിക്കാരെക്കൂടി കേസിൽ കുടുക്കാൻ തെളിവെടുപ്പിനിടെ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല.
മുളമൂട്ടിൽ ശാഖയുടെ സ്വർണ്ണപ്പണയശാലയിൽ 1.30 കോടിയുടെ സ്വർണ്ണം അപഹരിച്ച് പണയതട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി എരുമേലി അലങ്കാരത്ത് ജഷ്ന സലീം (34) ആണ് ഇന്നലെ രാവിലെ 10.30 ഓടെ സ്ഥാപനത്തിൽ തെളിവെടുപ്പിന് കൊണ്ടുചെന്നപ്പോൾ, സ്ഥാപനത്തിലെ മാനേജർക്കും മറ്റുജോലിക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു ആരോപിച്ചത്.
ജഷ്ന നടത്തിയ തട്ടിപ്പു കണ്ടുപിടിച്ചു പോലീസിൽ അറിയിച്ചത് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും, മാനേജരുമാനയിരുന്നു. അതിന്റെ പ്രതികാരത്തിനായാണ് അവരെയും കേസിൽ കുടിക്കുവാൻ ശ്രമിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
മറ്റൊരു പ്രതി എരുമേലി വേങ്ങശ്ശേരി അബൂതാഹിറിനെയും (24) ഇന്നലെ എത്തിച്ച് തെളിവെടുപ്പ് നടത്തി.മൊത്തം 61 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണക്കുകൾ ആണ് ജെഷ്ന തെളിവെടുപ്പിനിടെ സമ്മതിച്ചത്. കണക്കുകൾ ഇങ്ങനെ, 50 ലക്ഷം ഒളിവിലായ ഒരു യുവാവിന്റെ പക്കലാണ്. ഷിഹാബ് എന്നയാൾക്ക് അഞ്ച് ലക്ഷം നൽകിയിരുന്നു.
സുഹൈൽ എന്നയാൾ മൂന്ന് തവണയായി മൂന്ന് ലക്ഷം കൈപ്പറ്റി. റിമാൻഡ് തടവിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ അബൂതാഹിർ 2.40 ലക്ഷവും പച്ചക്കറി വ്യാപാരി ഷാജി അര ലക്ഷവും അജ്മൽ എന്നയാൾ കാൽ ലക്ഷവും വാങ്ങിയിട്ടുണ്ട്.
ഇതെല്ലാം പണയം വെച്ചും പണമായും ആണ് കൊടുത്തത്. തട്ടിപ്പ് നടന്ന ശാഖയിലും സമീപത്തെ ജോസ്ന, റ്റി പി ബാങ്കേഴ്സ് എന്നിവിടങ്ങളിലും ഇവർ മുഖേന പണയം വെച്ചാണ് തുക കൊടുത്തത്. തട്ടിപ്പ് നടത്തിയ രീതി തെളിവെടുപ്പിൽ ജെഷ്ന പോലീസിന് കാട്ടിക്കൊടുത്തു.
ഫയലുകളും രജിസ്റ്ററുകളും പോലീസ് തെളിവിനായി കസ്റ്റഡിയിൽ വാങ്ങി. അബൂതാഹിറിനെ വൈകുന്നേരം ശാഖയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാൾ കൊണ്ട് മുഖം മറച്ചെത്തിയ ജെഷ്ന കൂസലൊന്നുമില്ലാതെയാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.
തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കോടതി പോലീസിന് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ഷാഡോ പോലീസ് സംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.