എരുമേലി : അഞ്ച് വർഷം മുന്പ് നഷ്ടം മൂലം ഉടമ എരുമേലി ഐശ്വര്യ ശ്രീകുമാർ നാടിന്റെ ഏക സിനിമാ തിയറ്റർ ആയ ശ്രീഅയ്യപ്പാ ടാക്കീസ് പൂട്ടുന്പോൾ ഒരു കേടും ഇല്ലാതെ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു ആ പ്രൊജക്ടർ.
ഇന്നലെ തിയറ്ററിന്റെ ഭിത്തികൾ ഇടിച്ചു പൊളിച്ച് നിരപ്പാക്കുന്പോൾ പ്രോജക്ടറും ബാൽക്കണിയുമെല്ലാം ഓർമയായി മാറി. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത പ്രോജക്ടറിലാണ് തിയേറ്ററിന്റെ തുടക്കം മുതൽ അവസാനം വരെ സിനിമകൾ പ്രദർശിപ്പിച്ചത്.
അതായത് 55വർഷവും ഒറ്റ പ്രോജക്ടറിലായിരുന്നു പ്രദർശനം. ഇത് മാത്രമല്ല ശ്രീ അയ്യപ്പാ ടാക്കീസിന്റെ സവിശേഷത. തിയറ്റർ തുടങ്ങുന്ന 1951 ൽ എരുമേലിയിലെങ്ങും വൈദുതിയില്ല. അന്ന് ജർമനിയിൽ നിന്ന് പ്രോജക്ടറിനൊപ്പം ഒരു ജനറേറ്റർ കൂടി കൊണ്ടുവന്നിരുന്നു. തിയറ്ററിൽ സിനിമ തുടങ്ങും മുന്പ് ഓണ് ആക്കുന്ന ആ ജനറേറ്ററിൽ നിന്നാണ് അക്കാലത്ത് എരുമേലി ടൗണിൽ കടകളിൽ വെളിച്ചമെത്തിയിരുന്നത്.
എരുമേലിയുടെ വെളിച്ചം കൂടിയായിരുന്ന തിയറ്റർ ആണ് ഇപ്പോൾ ഇല്ലാതാകുന്നതെന്ന് പുതിയ തലമുറയിൽ മിക്കവർക്കും അറിയില്ല. ജർമ്മനിയിൽനിന്ന് കൊണ്ടുവന്ന ബ്ലാക്ക് സ്റ്റോണ് എന്ന പേരിലുള്ള ആ ജനറേറ്റർ ഇന്നുമുണ്ട്. ഒരു കേടുമില്ലാതെ അത് ശബരിമലയിലെ നടപ്പന്തലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തിയറ്ററിന്റെ പേരായ ശ്രീ അയ്യപ്പന് കാണിക്കയായി സമർപ്പിച്ചതാണ് ആ ജനറേറ്റർ.
തിയറ്റർ ഉൾപ്പെടുന്ന സ്ഥലം കഴിഞ്ഞ ഇടെയാണ് ഉടമ ശ്രീകുമാർ വിറ്റത്. 2006 ൽ തിയറ്റർ നിർത്താൻ ശ്രീകുമാർ നിർബന്ധിതനായത് കനത്ത നഷ്ടം മൂലമായിരുന്നു.സിനിമ കാണാൻ പത്ത് പേർ പോലും തികച്ചില്ലാതെ മാസങ്ങളോളം നഷ്ടത്തിലോടി ബാധ്യത രണ്ട് ലക്ഷം കവിഞ്ഞപ്പോൾ മനസില്ലാമനസോടെ താഴിടുകയായിരുന്നെന്ന് ശ്രീകുമാർ പറഞ്ഞു.ഓരുങ്കൽക്കാർ എന്നറിയപ്പെട്ടിരുന്ന മറ്റക്കാട്ട് കൃഷ്ണൻ കുട്ടി മേനോൻ ആണ് ജനത എന്ന പേര് നൽകി തിയേറ്റർ ആരംഭിച്ചത്.
1960 ഓടെ ശ്രീകുമാറിന്റെ അച്ഛൻ ശ്രീനാരായണൻ നായർ തിയറ്റർ വാങ്ങിയപ്പോൾ പേര് ശ്രീ അയ്യപ്പാ എന്നാക്കിയെങ്കിലും ഓപ്പറേറ്ററെ മാറ്റിയില്ല. വട്ടമണ്ണിൽ ഭാസ്കരപ്പണിക്കർ ആണ് തുടക്കം മുതൽ അവസാനം വരെയും ഓപ്പറേറ്റർ ആയിരുന്നത്.
പ്രായം തൊണ്ണൂറെത്തിയ പണിക്കർക്ക് ഇന്നും അതൊന്നും മറക്കാനാകുന്നില്ല.ഇടക്ക് കരിങ്കല്ലുമുഴിയിൽ ടൂർ ഇൻ ടാക്കീസ് എന്ന പേരിൽ ഓല മേഞ്ഞ ഷെഡിൽ മറ്റൊരു തിയേറ്റർ വന്നെങ്കിലും അധിക കാലം തുടർന്നില്ല. ഇന്റർവെൽ സമയത്ത് അടുത്ത റീലിനുള്ള ഫിലിം റോൾ പ്രോജക്ടറിൽ ചുറ്റുന്നത് അത്ഭുതത്തോടെയാണ് ആളുകൾ കണ്ടിരുന്നത്.
എംജിആർ നായകനായ ഗുലൈബക്കാവലി ആയിരുന്നു ആദ്യചിത്രം. അന്ന് ടിക്കറ്റ് നിരക്ക് ഫസ്റ്റ് ക്ലാസിന് നാല് ചക്രം, സെക്കന്റ് ക്ലാസിന് മൂന്നും തറ ടിക്കറ്റിന് രണ്ട് ചക്രവുമായിരുന്നു. ജീവിതനൗകയും പ്രിയദർശന്റെ ചിത്രവും ലോഹിതദാസിന്റെ തിരക്കഥയിൽ ശ്രദ്ധേയവുമായ കിരീടവുമൊക്കെ നിറഞ്ഞ സദസ്സിൽ മാസങ്ങളോളം ഓടിയിട്ടുണ്ട്. അച്ഛന് പകരം ശ്രീകുമാർ ഏറ്റെടുത്തതോടെ ശബരിമല സീസണുകളിൽ ദിവസേന ആറും ഏഴും ഷോകൾ നടത്തുമായിരുന്നു.
സീസണിൽ പേട്ടതുള്ളൽ വാദ്യമേളക്കാരുടെ ഉറക്കം തിയറ്ററിലെ ബെഞ്ചുകളിലായിരുന്നു. ഇടക്ക് തിയറ്ററിൽ വെള്ളിത്തിരയുടെ കർട്ടൻ കത്തിച്ച സംഭവമുണ്ടായി.അത് കേസായി കോടതിയിലുമെത്തിയത് സംഭവബഹുലമാക്കി. തിയറ്ററിൽ സിനിമ തുടങ്ങും മുന്പ് എന്നും മുഴങ്ങിയിരുന്നത് ശങ്കരനന്ദനാ ശബരിഗിരീശാ, യേശുദേവൻ ജനിച്ചു മണ്ണിൽ, അള്ളാ അള്ളാ എന്നീ ഗാനങ്ങളോടെയായിരുന്നു.
ഒടുവിൽ മമ്മൂട്ടിയുടെ പഴശ്ശിരാജായോടെ തിയറ്റർ പൂട്ടിയ ശേഷം സംഘടനകൾക്ക് വേണ്ടി ചില ചിത്രങ്ങളോടി. പിന്നെ പാർക്കിംഗ് ഗ്രൗണ്ടും സമ്മേളനവുമൊക്കെയായി. ഒടുവിലിപ്പോൾ ഇടിച്ചു നിരത്തുന്പോൾ തലമുറകൾ നീണ്ട കയ്യടികളും ആർപ്പുവിളികളും കൂക്കുവിളികളും വിസിലടികളും നിറഞ്ഞ അഭ്രപാളികളുടെ മുന്പിലെ ഓർമചിത്രമായി മാറുകയാണ് ശ്രീഅയ്യപ്പാ ടാക്കീസ്.