അപകടങ്ങളില്ലാതെ തീർഥാടനകാലം പൂർണമാകുന്നതിന്റെ സംതൃപ്തിയിലാണ് ജില്ലാഭരണകൂടവും പോലീസും വിവിധ വകുപ്പുകളും. മകരജ്യോതി ദർശനം കഴിഞ്ഞ് തീർഥാടകരുടെ മടക്കയാത്രയും അപകടങ്ങളൊന്നുമില്ലാതെ സുരക്ഷിതമാക്കാനായി. തർക്കങ്ങളും കോടതി ഇടപെടലുമുണ്ടായെങ്കിലും പേട്ടതുളളൽ സംഘർഷരഹിതമാക്കാനായത് നേട്ടമാണ്. കാനനപാതയിൽ ഹൃദയാഘാതമരണങ്ങൾ സംഭവിച്ചതും എരുമേലി കരിങ്കല്ലുമുഴിയിൽ നാട്ടുകാരനായ ആൾ വാഹനമിടിച്ച് മരിച്ചതുമാണ് തീർഥാടനകാലത്തെ അപകടമരണങ്ങളുടെ പട്ടികയിലുളളത്.
പാതകളിൽ വാഹനാപകടങ്ങളൊന്നും തന്നെ ഗുരുതരമായ അപകടങ്ങളായില്ലെന്നുളളത് ആശ്വാസം പകരുന്നു. നദികളിലും അപകടങ്ങൾ ഉണ്ടായില്ല. ജലക്ഷാമവും വരൾച്ചയും കാര്യമായി ബാധിച്ചില്ലെങ്കിലും കാനനപാതയിൽ കുടിവെളളക്ഷാമം പ്രതികൂലമായി.
തോടുകളും നദിയും ടൗണും മാലിന്യകൂമ്പാരമായതാണ് എരുമേലി നേരിടുന്ന പ്രധാന പ്രശ്നം. ശുചീകരണം നടത്താൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ വൈകില്ലെന്ന് അധികൃതർ അറിയിച്ചു. 20ന് തമിഴ്നാട്ടുകാരായ വിശുദ്ധി സേന മടങ്ങുന്നതിന് മുമ്പ് ശുചീകരണം നടത്താനാണ് ആലോചിക്കുന്നത്. ഇത്തവണ വ്യാപാരികൾക്കു കച്ചവടം ലാഭകരമായിരുന്നെന്നാണ് പൊതുവെയുളള അഭിപ്രായം.