എരുമേലി: ചതിച്ചായശാനേ… ചതിച്ച്… ഇത്തവണയും കോണ്‍ഗ്രസിനെ കൂടയുള്ളവർ തന്നെ ചതിച്ചു.
പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്റെ മോഹങ്ങൾ തല്ലി ക്കെടുത്തിയത് കോണ്‍ഗ്രസിന്റെ തന്നെ ഒരു പഞ്ചായത്ത് അംഗം പങ്കെടുക്കാഞ്ഞത് മൂലമാണ്.
ഇതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. എൽഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ ഒരു അംഗവും വിട്ടുനിന്നു.
തലേദിവസം രാത്രി മുതൽ കോണ്‍ഗ്രസിലെ ഒരംഗത്തെ കാണാതായിരുന്നു. ഇരുന്പൂന്നിക്കര വാർഡ് അംഗത്തെയാണ് കാണാതായത്.
ഈ അംഗം അവസാന നിമിഷം വരുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്.
സമയ പരിധി കഴിഞ്ഞിട്ടും ഇയാൾ വന്നില്ല. ഇതോടെ അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു.
ഒരു സ്വതന്ത്രൻ ഉൾപ്പെടെ കോണ്‍ഗ്രസ് അംഗങ്ങൾ 11 പേരാണ് പങ്കെടുത്തത്. 23 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിയമാനുസൃത ക്വോറമായ 12 അംഗങ്ങൾ ഇല്ലെന്ന് അറിയിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗം വരണാധികാരി പിരിച്ചുവിട്ടു.
എൽഡിഎഫ് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ വിവേചനം ഇല്ലാതെ കൂട്ടായ തുടർ ഭരണം നടത്തുമെന്ന് ഇടതുപക്ഷം വ്യക്തമാക്കി.
ഇന്നലെ രാവിലെ 11 ഓടെയാണ് അവിശ്വാസ പ്രമേയ അവതരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ.് ഫൈസൽ വരണാധികാരിയായി പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നത്.
യോഗം പിരിച്ചുവിട്ടതോടെ ഓഫീസിന് പുറത്തു കാത്തുനിന്ന എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദം മുഴക്കി. സിപിഎം കുതിരക്കച്ചവടം നടത്തിയെന്ന് തുടർന്ന് നടന്ന പത്ര സമ്മേളനത്തിൽ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.