എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ നിർദിഷ്ട വിമാനത്താവള പദ്ധതിയുടെ റൺവേ നിർമിക്കാൻ മണ്ണിന്റെ ഉറപ്പ് പരിശോധന തുടങ്ങി.ഇന്നലെ ആരംഭിച്ച പരിശോധന മൂന്ന് ആഴ്ചകൊണ്ടു പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരും ലൂയി ബർഗ് കൺസൾട്ടിംഗ് ഏജൻസിയുടെ എൻജിനിയർമാരും ജിയോ കമ്പനിയുടെ തൊഴിലാളികളും എത്തി പെഗ് മാർക്കിംഗ് ആരംഭിച്ചു.
അടുത്ത ദിവസം മുതൽ മണ്ണ് കുഴിച്ചു തുടങ്ങുമെന്നു ലൂയി ബെർഗ് സർവേ എൻജിനിയർ പാർഥ ചക്രവർത്തി, സോയിൽ സർവേയർ അമീൻ എന്നിവർ പറഞ്ഞു.
മൂന്നു കിലോമീറ്റർ
റൺവേയ്ക്ക് അനുയോജ്യമാണെന്നു കരുതുന്ന മൂന്നു കിലോമീറ്റർ ദൂരത്തെ മണ്ണിന്റെ ഘടനയും ഉറപ്പുമാണ് പരിശോധിക്കുന്നത്.
പത്തു മുതൽ 20 മീറ്റർ വരെ താഴ്ചയിൽ വലിയ കുഴൽ കിണറിന്റെ മാതൃകയിൽ എട്ട് കുഴികൾ നിർമിച്ചാണ് ഇവയുടെ ഉള്ളിലെ മണ്ണ് ലാബിൽ എത്തിച്ചു പരിശോധിക്കുന്നത്. മണ്ണിന്റെ വിവിധ സാമ്പിളുകൾ മുംബൈയിലെ ലാബിലാണ് പരിശോധിക്കാൻ നൽകുക.
ഇതിന്റെ ഫലം ലഭിക്കുന്നതോടെ റൺവേ സംബന്ധിച്ചു വ്യക്തതയുണ്ടാകും.പ്രദേശം ചതുപ്പ് നിലമല്ലാത്തതിനാൽ മണ്ണിന്റെ ഭൗമഘടന ഉറപ്പുള്ളതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഡ്രോൺ പരിശോധന
റൺവേയുടെ സാധ്യത പരിശോധന നേരത്തെ നടത്തിയത് ആകാശ മാർഗം ഡ്രോൺ ഉപയോഗിച്ചായിരുന്നു. എസ്റ്റേറ്റിന്റെ മധ്യഭാഗത്തു കിഴക്ക് – പടിഞ്ഞാറേ ദിശയിൽ മൂന്നു കിലോമീറ്റർ ദൂരം അനുയോജ്യമാണെന്നു ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ പരിശോധനയിലാണ് കണ്ടെത്തിയത്.
കാറ്റിന്റെ ഗതി അനുകൂലമാണെന്നും കണ്ടെത്തിയിരുന്നു. ഇനി ഇത്രയും ഭാഗത്തെ സ്ഥലത്തെ മണ്ണിന്റെ ഘടന ഉറപ്പുള്ളതാണെന്നു കൂടി ബോധ്യമാകണം.
മണ്ണു പരിശോധനയുടെ ഫലം അനുകൂലമാണെങ്കിൽ വിമാനത്താവള നിർമാണത്തിന്റെ പ്രാഥമിക പ്രവൃത്തികൾ ആരംഭിക്കാനാകും.
അങ്ങനെയായാൽ കേരളത്തിൽ ഏറ്റവും നീളമുള്ള റൺവേയാണ് ചെറുവള്ളി എസ്റ്റേറ്റിൽ പൂർത്തിയാവുക. കഴിഞ്ഞ മാസം മണ്ണു പരിശോധനയ്ക്ക് സംഘം എത്തിയെങ്കിലും എസ്റ്റേറ്റ് അധികൃതർ എതിർത്തതിനാൽ നടന്നില്ല.
തുടർന്ന് ജില്ലാ കളക്ടർ മുഖേന സർക്കാർ തലത്തിൽ ചർച്ചകൾക്കു ശേഷം പ്രത്യേകമായി എസ്റ്റേറ്റ് അധികൃതർക്കു കത്ത് നൽകിയതോടെയാണ് ഇന്നലെ പരിശോധനയ്ക്കു തുടക്കമായത്.
കുഴി മൂടണം
എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ചു സർക്കാരും എസ്റ്റേറ്റ് അധികൃതരായ ബിലീവേഴ്സ് ചർച്ചും തമ്മിൽ പലാ സബ് കോടതിയിലുള്ള കേസിനു തടസമാകാത്ത വിധം പരിശോധന നടത്താമെന്നാണ് ധാരണയായത്.
എടുക്കുന്ന കുഴികൾ പരിശോധനകൾക്കു ശേഷം അപകടത്തിനു സാധ്യതയില്ലാത്ത നിലയിൽ മൂടുമെന്ന് ഉറപ്പ് നൽകിയിരുന്നു.
കോടതിയിലെ കേസിന്റെ തീർപ്പാകുന്നതോടെ ഉടമസ്ഥ തർക്കത്തിനു നിർണായക പരിഹാരം ഉരുത്തിരിയുമെന്നാണ് കരുതുന്നത്. ശബരിമല തീർഥാടനം മുൻനിർത്തി ആവിഷ്കരിച്ച പദ്ധതിയാണ് എരുമേലിയിലേത്.
സ്ഥലം സംബന്ധിച്ച തർക്കമില്ലായിരുന്നെങ്കിൽ പദ്ധതിയുടെ നിർമാണം നേരത്തെ തുടങ്ങാൻ കഴിയുമായിരുന്നെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു.
കേന്ദ്ര സർക്കാർ വകുപ്പുകളിൽനിന്ന് അന്തിമ അനുമതി ലഭ്യമായത് കഴിഞ്ഞയിടെയാണ്. ഇതോടെ ആദ്യത്തെ എസ്റ്റിമേറ്റിന്റെ ഇരട്ടിയോളം തുക നിർമാണത്തിനു വേണ്ടി വരുമെന്നു വിലയിരുത്തിയിരുന്നു.
ആദ്യ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സ്വീകാര്യമായിരുന്നില്ല. തുടർന്ന് വരുമാന സാധ്യത ഉൾപ്പെടെ വിശദമായ റിപ്പോർട്ട് നൽകിയതോടെ അനുമതി ലഭിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി തഹസീൽദാർ ജോസുകുട്ടി, ഡെപ്യൂട്ടി തഹസീൽദാർ ജയപ്രകാശ്, ഹെഡ് സർവേയർ രാജേഷ്, ക്ലർക്കുമാരായ വിദ്യ, മൈക്കിൾ, എരുമേലി, മണിമല വില്ലേജ് ഓഫീസർമാരായ വർഗീസ് ജോസഫ് ബിനോയി സെബാസ്റ്റ്യൻ, എരുമേലി സ്പെഷൽ വില്ലേജ് ഓഫിസർ അഷറഫ് എന്നിവരാണ് റവന്യു വകുപ്പിനെ പ്രതിനിധീകരിച്ച് എസ്റ്റേറ്റിൽ സർവേയിൽ പങ്കെടുക്കുന്നത്.