കോട്ടയം: മധ്യകേരളം പ്രതീക്ഷയോടെ കാത്തിരുന്ന എരുമേലി വിമാനത്താവളം നിർമാണം സംബന്ധിച്ച ഫയൽനീക്കം മന്ദഗതിയിലായി. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ സജീവമായിരുന്ന ഫയൽനീക്കം സെക്രട്ടറിയേറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെയാണ് നിശ്ചലമായത്.
കേന്ദ്ര സിവിൽ വ്യോമയാന, വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വാങ്ങി അടുത്തവർഷം നിർമാണം തുടങ്ങാനുള്ള നീക്കമാണു വിവിധ വകുപ്പുകളുടെ അനാസ്ഥയിൽ മുടങ്ങിയത്. സിയാൽ മോഡൽ കന്പനി രൂപീകരിക്കാനും ഗൾഫിൽനിന്നുൾപ്പെടെ പണം സ്വരൂപിക്കാനുമുള്ള നീക്കത്തിൽ വൻ ബിസിനസ് സംരംഭങ്ങളും കന്പനികളും 1500 കോടി രൂപയുടെ സാന്പത്തിക സഹകരണം വാഗ്ദാനം ചെയ്തിരുന്നു.
എരുമേലിക്കുസമീപം ചെറുവള്ളി ബിലീവേഴ്സ് ചർച്ച് റബർ എസ്റ്റേറ്റിൽ 2263 ഏക്കർ സ്ഥലം ഇതിനായി വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്നു. സ്ഥലം വിമാനത്താവളത്തിന് യോജ്യമാണെന്നായിരുന്നു പ്രാഥമിക സർവേ റിപ്പോർട്ട്.
ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഉടമസ്ഥാവകാശ കേസുകളിൽ വേഗത്തിൽ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബിലീവേഴ്സ് ചർച്ച് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ച നടത്തി വിഷയം പരസ്പരധാരണയിൽ പരിഹരിക്കാനും തുടങ്ങിവച്ച നീക്കങ്ങൾ തെരഞ്ഞെടുപ്പോടെ നിശ്ചലമായി.
ചെറുവള്ളിയിൽ വിമാനത്താവളം പണിയാൻ സർക്കാർ തീരുമാനിക്കുകയും സാധ്യതാ പഠനത്തിന് സംസ്ഥാന വ്യവസായ വികസന കോർപറേഷനെ 2017ൽ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനത്തിനായി ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ കണ്‍സൾട്ടന്റായി തെരഞ്ഞെടുത്തിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. കറിക്കാട്ടൂർ മുതൽ മുക്കട വരെ മൂന്നു കിലോമീറ്റർ റണ്‍വേ സൗകര്യം ഉൾപ്പെടെ വിമാനത്താവളത്തിനുള്ള പ്രാഥമിക പ്ലാനും കണ്‍സൾട്ടൻസി വരച്ചുനൽകിയിരുന്നു.
ഈ ഫയൽ കേന്ദ്രസർക്കാർ അനുമതിക്കായി സമർപ്പിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായത്. കേന്ദ്രസർക്കാരും ചെറുവള്ളി വിമാനത്താവളം നിർമാണത്തിൽ നിലവിൽ വലിയ താൽപര്യം പുലർത്തുന്നില്ലെന്നാണ് സൂചന.