എരുമേലി: എരുമേലി ടൗണ്‍ റോഡിൽ ചന്ദനക്കുടം, പേട്ടതുള്ളൽ സമയങ്ങളിൽ ഇന്നും നാളെയും ഗതാഗതം അനുവദിക്കില്ല. ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.ഇന്ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 വരെ മുക്കൂട്ടുതറ -പന്പ ഭാഗത്തേക്ക് കാഞ്ഞിരപ്പള്ളിയിൽനിന്ന് വരുന്ന വാഹനങ്ങൾ കൊരട്ടി കണ്ണിമല – പ്രൊപ്പോസ് വഴി പോകണം. കെഎസ്ആർടിസി, ചെറിയ വാഹനങ്ങൾ കുറുവാമൂഴി ഓരുങ്കൽകടവ് വഴി പോകണം.
കാഞ്ഞിരപ്പള്ളി – റാന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ടൗണിലെ പെട്രോൾ പന്പിന് സമീപം ടിബി റോഡ് വഴി കരിന്പിൻതോട് വഴി റാന്നിക്ക് പോകണം. റാന്നി മേഖലയിൽനിന്ന് വരുന്ന വാഹനങ്ങൾ കരിങ്കല്ലുംമൂഴി തിരിഞ്ഞ് എംഇഎസ് – പുലിക്കുന്ന് റോഡ് വഴി പോകണം. എരുമേലിയിൽനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്നവർ ഓരുങ്കൽ കടവ് – കുറുവാമൂഴി വഴി പോകണം. എന്നാൽ, ബസുകളും മറ്റ് വലിയ വാഹനങ്ങളും കാരിത്തോട് ചേനപ്പാടി വഴി പോകണം.
റാന്നി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി പോകുന്ന വാഹനങ്ങൾ കരിന്പിൻതോടിൽ നിന്നും തിരിഞ്ഞ് ചേനപ്പാടി വഴി പോകണം. പ്രൊപ്പോസ് വഴി എരുമേലി ടൗണിലേക്ക് വാഹനങ്ങൾ വരാനും പാടില്ല. നാളെ പേട്ടതുള്ളൽ ദിവസം രാവിലെ ഒന്‍പതു മുതൽ രാത്രി ഏഴു വരെ ഇതുപോലെ വാഹന നിയന്ത്രണം ഉണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.