എരുമേലി: എരുമേലി പോലീസ് സ്റ്റേഷനിലെത്തിയാൽ വീട്ടിൽ ചെന്ന് കയറുന്നതുപോലെ ഇനി തോന്നും. തറവാട് വീടിന്റെ പ്രൗഢിയിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ് എരുമേലി പോലീസ് സ്റ്റേഷൻ.പോലീസും ജനങ്ങളും തമ്മിൽ ഉൗഷ്മള ബന്ധം സൃഷ്ടിക്കുക കൂടിയാണ് പുതിയ രൂപമാറ്റത്തിന് പിന്നിൽ. 25 ലക്ഷത്തിൽ പരം രൂപ ചെലവിട്ടാണ് ഗൃഹാന്തരീഷം തുളുന്പുന്ന നിർമാണം.
പോലീസ് സ്റ്റേഷനിലേക്ക് റോഡിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത് തറവാട്ടിലേക്ക് പ്രവേശിക്കുന്ന പ്രതീതി നിറയ്ക്കുന്ന കവാടം ആണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേഷന്റെ മുന്നിൽ വീടിന്റെ പൂമുഖം പോലെ തോന്നിപ്പിക്കുന്ന ചാവടിയുടെയും ഇളം തിണ്ണയുടെയും നിർമാണം പൂർത്തിയാകാറായി. വയോധികർക്കും ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും ക്ലേശമില്ലാതെ പ്രവേശിക്കാൻ റാന്പും നിർമിച്ചുകൊണ്ടിരിക്കുന്നു.
സിഐ, എസ്ഐ, എന്നിവരുടെ ഉൾപ്പടെ എല്ലാ മുറികളും മോടിപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. പോലീസുകാർക്കും ജനങ്ങൾക്കും പ്രതികൾക്കും ആധുനിക ശൗചാലയങ്ങളും പൂർത്തിയാകാറായി. പഴക്കം ചെന്ന കെട്ടിട ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും പൊളിച്ചു പുനർ നിർമിച്ചു തുടങ്ങി. മഴ നനയാതെ പരേഡ് നടത്താവുന്ന വിശാലമായ മുറ്റവും നിർമിക്കുന്നുണ്ട്. മുറ്റത്ത് ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. പെയിന്റിംഗ് ജോലികളും പൂർത്തിയാകാറായി.
പഴക്കമേറിയ ഇലക്ട്രിക് വയറിംഗുകൾ നീക്കി പുതിയത് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ലോക്ക് അപ് മുറികൾക്ക് ഇടുങ്ങിയ സ്ഥലപരിമിതിയിൽ നിന്നും മോചനം നൽകി. കംപ്യൂട്ടർ റൂം ശീതീകരിക്കുന്നുമുണ്ട്. ശബരിമല തീർഥാടന കാലത്തിന് മുന്പ് നിർമാണം പൂർത്തിയാകുന്നതോടെ കെട്ടിലും മട്ടിലും എരുമേലി സ്റ്റേഷൻ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഏറെ വ്യത്യസ്തമാകുമെന്നാണ് കരുതുന്നത്.