എരുമേലി: ശരണം വിളി ഉയരും മുമ്പേ നിറഞ്ഞു കഴിഞ്ഞു ആശങ്കയുടെ സൈറൺ. ശബരിമല സീസണിൽ കച്ചവടം പ്രതീക്ഷിച്ചു ഉപജീവനത്തിനായി കാത്തിരിക്കുന്നവരുടെ മനസിൽ ആശങ്കയുടെ പെരുമ്പറയാണ് മുഴങ്ങുന്നത്. യുവതി പ്രവേശനം കഴിഞ്ഞ ദിവസങ്ങളെ പ്രക്ഷുബ്ദ മാക്കിയതിനേക്കാൾ പ്രത്യാഘാതങ്ങൾ ഈ മണ്ഡലകാലത്ത് നിറയുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ഇനി 20 ദിവസങ്ങൾ കൂടിയുണ്ട് മണ്ഡല – മകരവിളക്ക് സീസൺ ആരംഭിക്കാൻ. എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ പേട്ട തുള്ളാൻ ഉപയോഗിക്കുന്നത് നാട്ടുകാർ വിൽക്കുന്ന സാധനങ്ങൾ വാങ്ങിയാണ്. ശരക്കോൽ, കത്തി, ഗദ, വാൾ, പാണൽ ഇലകൾ, പേട്ടക്കമ്പുകൾ, പേപ്പർ കിരീടം, കച്ച എന്നിങ്ങനെ പാഴ് വസ്തുക്കളിലും മറ്റും നിർമിക്കുന്ന ലക്ഷക്കണക്കിന് സാധനങ്ങൾ സീസണിൽ വിറ്റഴിയും. ഈ വരുമാനമാണ് സാധാരണക്കാരായ നൂറുകണക്കിനാളുകളുടെ രണ്ടുമാസത്തെ ഉപജീവനമാർഗം.
വിവാഹം, വിദ്യാഭാസം, വീടുപണി തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ഈ വരുമാനത്തിലൂടെയാണ് ഒട്ടുമിക്കയാളുകൾക്കും സഫലമാകുന്നത്. എരുമേലി ടൗണിന്റെ പ്രാന്തപ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ ഈ വരുമാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ശ്രീനിപുരം, മറ്റന്നൂർക്കര, പ്രദേശങ്ങളിൽ ഇവയുടെ നിർമാണം മിക്ക വീടുകളിലുമുണ്ട്.
കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് ചെത്തിച്ചീകി ഉണക്കിയ ശേഷം കമ്പിന്റെ അഗ്രത്തിൽ കളർ മുക്കിയ കോഴിത്തൂവൽ ഉറപ്പിക്കുന്നതാണ് ശരക്കോൽ. ആദ്യമായി ശബരിമലയ്ക്ക് പോകുന്ന കന്നി അയ്യപ്പന്മാർ ശരക്കോൽ കൊണ്ടുപോയി ശരം കുത്തി ആലിൽ തറയ്ക്കണമെന്നാണ് വിശ്വാസം. പാഴ് തടികളിലാണ് കത്തി, ഗദ, വാൾ, പേട്ടക്കമ്പുകൾ എന്നിവ നിർമിക്കുന്നത്.
ഇവ പേട്ടതുള്ളലിൽ ഭക്തർ ഉയർത്തിപ്പിടിച്ച് തുള്ളും. പുലിയുടെയും അയ്യപ്പന്റെയും ചിത്രങ്ങൾ ഉള്ള പേപ്പർ കിരീടത്തിൽ റബർ ബാൻഡ് ഫിറ്റ് ചെയ്യുന്നതും അരയിൽ ഭക്തർ കെട്ടുന്ന ചെറിയ കറുത്ത തുണിയായ കച്ചയും ഒക്കെ ലക്ഷക്കണക്കിനാണ് വേണ്ടത്. വനത്തിലെ പാണൽ പറിച്ചുകൊണ്ടു വന്നത് വില നൽകി വാങ്ങിയാണ് ഭക്തർ ഉയർത്തിപ്പിടിച്ച് പേട്ട തുള്ളലിന് ഉപയോഗിക്കുന്നത്.
മണ്ഡല – മകരവിളക്ക് കാലം രണ്ട് മാസമേയുള്ളുവെങ്കിലും ഇവരെ സംബന്ധിച്ച് ഇതിനുള്ള അസംസ്കൃത വസ്തുക്കളുടെ നിർമാണം രണ്ട് മാസം മുമ്പേ തുടങ്ങിയിരിക്കും. നിർമാണത്തിന് രണ്ട് മാസവും വിൽപ്പനയ്ക്ക് രണ്ട് മാസവും അങ്ങനെ മൊത്തം നാല് മാസം ഈ കുടുംബങ്ങൾ സീസൺ വ്യാപാരത്തിൽ മുഴുകും.
പക്ഷെ, ഇത്തവണ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് സ്ഥിതിഗതികൾ. സുപ്രീംകോടതി വിധിയും അതേത്തുടർന്നുണ്ടായ വിവാദങ്ങളും ഇത്തവണ മലയാളമാസപൂജക്ക് ശബരിമല നട തുറന്ന ശേഷമുണ്ടായ കോലാഹലങ്ങളും അക്രമങ്ങളുമൊക്കെ വരാൻ പോകുന്ന മണ്ഡലകാലത്ത് എങ്ങനെയാകുമെന്ന് നാട്ടുകാർക്ക് ഒരു എത്തും പിടിയുമില്ല. എല്ലാം കലങ്ങിത്തെളിയുമെന്നു കരുതാവുന്ന സ്ഥിതിയിലല്ല കാര്യങ്ങളെന്ന് ആശങ്കയോടെ ഈ കുടുംബങ്ങൾ പറയുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഉപജീവനത്തിനുള്ള ഒരുക്കങ്ങളിലാണ് ഇവരെല്ലാം.