എരുമേലി: കടുത്ത ശ്വാസം മുട്ടൽ മൂലം അത്യാസന്ന നിലയിലായ വയോധികയ്ക്ക് ചികിത്സ നൽകിയത് ആശുപത്രിക്ക് പുറത്ത് വാഹനത്തിൽ.
ഇന്നലെ എരുമേലിയിലാണ് സംഭവം. തുമരംപാറ സ്വദേശിനിയായ റോസമ്മ (65) യ്ക്കാണ് ഈ ദാരുണ അനുഭവം.
രോഗിയായ റോസമ്മ ശാസതടസം കൂടി മരണ വെപ്രാളത്തിലായപ്പോൾ പെട്ടെന്ന് എംഇഎസ് യൂത്ത് വിംഗ് പ്രവർത്തകർ വാഹനവുമായിയെത്തി എരുമേലി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കുകയായിരുന്നു.
എന്നാൽ കോവിഡ് ഉള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യാനാണ് നിയമപ്രകാരം കഴിയുകയെന്ന് അറിയിച്ച് അധികൃതർ രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തില്ലെങ്കിലും ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി.
യൂത്ത് വിംഗ് പ്രവർത്തകരുടെ വാഹനത്തിൽ തന്നെ രോഗിയെ ഇരുത്തി രണ്ട് മണിക്കൂറോളം ഓക്സിജൻ നൽകി.
പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകണമെന്ന് നിർദേശം നൽകിയ ഡോക്ടർ രോഗിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടു.
എന്നാൽ ബെഡ് ഒഴിവില്ല എന്നാണ് മറുപടി ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ തീരുമാനിച്ചെങ്കിലും ആംബുലൻസ് കിട്ടാൻ വേണ്ടി ഹെൽപ്പ്ഡെസ്ക്കിൽ വിളിച്ചു.
എന്നാൽ, രണ്ടായിരം രൂപ മുൻകൂർ നൽകണമെന്ന് അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു മറ്റക്കര, എംഇഎസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ എന്നിവർ പണം നൽകിയതോടെയാണ് ആംബുലൻസിൽ വയോധികയെ കോട്ടയത്തേക്ക് കൊണ്ടുപോയത്.
എരുമേലിയിൽ കോവിഡ് കേന്ദ്രത്തിൽ ചികിത്സ ലഭിക്കണമെങ്കിൽ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വേണമെന്നാണ് നിയമം.
പക്ഷെ, അടിയന്തര സാഹചര്യത്തിൽ ഈ നിയമം പാലിക്കാൻ കഴിയാതെ വരുമ്പോൾ ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് ഉണ്ടോയെന്ന് പരിശോധിച്ച് ചികിത്സ നൽകാൻ ആശുപത്രിയിൽ സംവിധാനം ഇല്ലെന്ന് പരാതി പല സംഭവങ്ങളിലായി ഉയർന്നുകൊണ്ടിരിക്കുന്നു.
കോവിഡ് കാല അടിയന്തര സേവനത്തിനായി വിവിധ സംഘടനകളുടേത് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ രോഗികൾക്കായി സൗജന്യ സേവനം നടത്തുന്നുണ്ടെങ്കിലും ആംബുലൻസ് സൗകര്യം പരിമിതമാണ്.
സർക്കാർ ആശുപത്രിയിൽ പുതിയ ആംബുലൻസ് എംഎൽഎ ഫണ്ടിൽ ലഭിച്ചതാണ്. പക്ഷെ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഈ ആംബുലൻസ് നൽകുന്നില്ലെന്നുള്ള പരാതികൾ വ്യാപകമാണ്.
രാവിലെ മുതൽ വൈകുന്നേരം വരെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും ഒക്കെ ഉണ്ടായിട്ടും ഈ കൊറോണ കാലത്ത് വൈകുന്നേരം വരെ സേവനമാക്കി രാത്രിയിൽ ആശുപത്രിയിൽ സേവനമില്ല.
ആശുപത്രിയുടെ ദുരവസ്ഥയെ കുറിച്ച് ഒട്ടേറെ വാർത്തകൾ ഇതിനോടകം വന്നിട്ടും നടപടികളുണ്ടായിട്ടില്ല.