റാന്നി: ഇരുതലമൂരി ഇനത്തിൽ പെട്ട പാന്പിനെ വിൽക്കാൻ ശ്രമിച്ചതിന് രണ്ടു പേർ പിടിയിൽ. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡന്റ് തിരുവനന്തപുരം ഓഫീസ് ജീവനക്കാരൻ ആലപ്പുഴ നീർക്കുന്നം വണ്ടാനം പൊക്കത്തിൽ അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴിക്കൽ കുരിപ്പശേരി വമ്പിശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മുല്ലക്കലിലെ ഹോട്ടലിൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റാന്നി റേഞ്ച് ഓഫീസർ ബി. ആർ. ജയന്റെ നിർദ്ദേശപ്രകാരം കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ളയിംഗ് സ്ക്വാഡുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെ ഇവരിൽ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് പാർട്ട് സി ക്രമനമ്പർ 1 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗത്തിൽ പെടുന്ന പാമ്പിനെ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനപാലകർ അറിയിച്ചു.