പെരുന്പാവൂർ: വിപണിയിൽ അരക്കോടിയോളം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ടുപേർ പിടിയിലായ സംഭവത്തിൽ തുടർ അന്വേഷണം പോലീസിനു കൈമാറിയേക്കും. കടമക്കുടി ചെറിയംതുരുത്ത് സ്വദേശി വേലിപറന്പിൽ ആർ. രാജേഷ് (40), കണ്ണൂർ കോടൻചാൽ മുളക്കോടിയിൽ എം.വി. ഷിനോദ് (42) എന്നിവരെ വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഇന്റലിജൻസാണു പിടികൂടിയത്.
വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഇന്റലിജൻസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുന്പാവൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണു കേസ് പോലീസിനു കൈമാറുകയെന്നാണു വിവരം. പ്രതികളിൽനിന്നു പിടികൂടിയ ഇരുതലമൂരിയെ മേയ്ക്കപ്പാല ഫോറസ്റ്റിനു കൈമാറി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇരുതലമൂരിയെ വാങ്ങാനെന്ന വ്യാജേന ഒന്നാം പ്രതിയായ രാജേഷിനെ ഫോണിൽ വിളിച്ച് 35 ലക്ഷം പറഞ്ഞെങ്കിലും 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രതികൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മാരുതി സ്വിഫ്റ്റ് കാറിൽ പറവൂർ കരുമാലൂർ ഭാഗത്തേക്ക് ഇരുതലമൂരിയുമായി വന്നപ്പോൾ പിടികൂടുകയായിരുന്നു.
വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഇന്റലിജൻസ് ഓഫീസർ സജീഷ്, പെരുന്പാവൂർ ഡിഎഫ്ഒ രാജു ഫ്രാൻസിസ്, പെരുന്പാവൂർ ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ അരുണ്‍,ജോഷി, ശ്രീജിത്, അജിനാസ്, പ്രശാന്ത്, ശോഭരാജ്, ടി.എ. ബൈജു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.