പാലക്കാട്: ഇരുതലമൂരിയുമായി യുവാവിനെ റെയിൽവേ പോലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹബീബി (29) നെയാണു ശബരി എക്സ്പ്രസ് ട്രെയിനിൽനിന്നും ഇന്നലെ രാവിലെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പാമ്പിനു 4.25 കിലോഗ്രാം തൂക്കവും ഒരു മീറ്റർ നീളവുമുണ്ട്. ബാഗിനുള്ളിൽ തുണിസഞ്ചിയിലായിരുന്നു പാമ്പിനെ ഒളിപ്പിച്ചിരുന്നത്.
കോടികൾ വിലയുറപ്പിച്ച് മലപ്പുറത്തുനിന്നു വിദേശത്തേക്കു കടത്താനാണ് പാമ്പിനെ കൊണ്ടുവന്നതെന്നു പ്രതി മൊഴിനൽകി.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തിലൂടെയാണു കീഴ്പ്പെടുത്തിയത്.
ട്രെയിൻമാർഗമുള്ള അനധികൃതമായ വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിനു മൂന്നു മാസങ്ങൾക്കുമുന്‍പ് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ ആർപിഎഫ് സിഐ എൻ. കേശവദാസ്, എസ്ഐ ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോണ്‍സ്റ്റബിൾ എൻ. അശോക്, കോണ്‍സ്റ്റബിൾ വി. സവിൻ എന്നിവരാണു പരിശോധന നടത്തിയത്.