സ്വന്തം ലേഖകൻ
തൃശൂർ: നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല…അനുഭവം കൊണ്ടും സ്നേഹം കൊണ്ടും പറയുന്നതാണ്….മാറ്റി സ്ഥാപിച്ച വടക്കേസ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നുണ്ടോ…ടോർച്ചോ മെഴുകുതിരിയോ കൈയിൽ കരുതുക. കാരണം വടക്കേ സ്റ്റാൻഡിൽ രാത്രി വെളിച്ചമില്ല. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന വടക്കേസ്റ്റാൻഡ് നവീകരണത്തിനായി അടച്ചിട്ടപ്പോൾ സമീപത്തെ ഗ്രൗണ്ടിലേക്ക് താൽക്കാലികമായി മാറ്റിയിട്ട് ഒരു വർഷമായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ല.
യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. രാത്രികളിൽ സ്ത്രീകൾ പേടിച്ചാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ചില തെരുവു വിളക്കുകളുടെ വെളിച്ചം മാത്രമേ സ്റ്റാൻഡിനകത്ത് നിൽക്കുന്നവർക്ക് രക്ഷയാകുന്നുള്ളു. രാത്രിയിൽ തൃശൂർ നഗരത്തിലെ വിവിധ കടകളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന സെയിൽസ് ഗേളുകളും മറ്റും ഇവിടെ ബസ് കാത്തുനിൽക്കുന്നത് പേടിച്ചാണ്. തൊട്ടടുത്ത് നിൽക്കുന്നതോ ഇരിക്കുന്നതോ ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇരുട്ടാണ് സ്റ്റാൻഡിനകത്ത്.
ബസ് വരാൻ വൈകിയാൽ കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ പോലും ഇവർക്ക് പേടിയാണ്. സമയപട്ടിക സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബസുകളുടെ വരവും പോക്കും അറിയാനും ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. സ്റ്റാൻഡിലെ ഹൈമാസ്റ്റ് കത്താതെയായിട്ട് ദിവസങ്ങളായി.
ഇരുട്ടിൽ സ്ത്രീകളെ തൊട്ടുരുമ്മാൻ എത്തുന്ന സാമൂഹ്യവിരുദ്ധരും കുറവല്ല. കഴിഞ്ഞ ദിവസം രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ഈ സാമൂഹ്യവിരുദ്ധരെ വിരട്ടിയോടിച്ചത്.അതുകൊണ്ടെല്ലാമാണ് പറയുന്നത്…..വടക്കേ സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നുണ്ടോ…. ടോർച്ചോ മെഴുകുതിരിയോ കൈയിൽ കരുതുക