മുക്കം: സംസ്ഥാന പാതയോരത്ത് മുക്കം നഗരസഭയിലെ കാരശ്ശേരി പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. അറവ് ശാലകളിലേയും മറ്റു വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യമാണ് ചാക്കിൽ കെട്ടി ഇവിടെ തള്ളുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ മാലിന്യം നനഞ്ഞതോടെ ദുർഗന്ധവും തുടങ്ങിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുമായി നഗരസഭയും സംസ്ഥാന സർക്കാരും ലക്ഷങ്ങൾ ചെലവഴിക്കുന്പോഴാണ് മലയോരത്തിന്റെ പ്രധാന ജലസ്രോതസ്സായ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് വൻ തോതിൽ മാലിന്യം തള്ളുന്നത്. പുഴയും പരിസരവും മലിനമായതോടെ കടുത്ത വേനലിൽ വിവിധ ആവശ്യങ്ങൾക്കായി പുഴയെ ആശ്രയിക്കുന്നവർക്ക് വലിയ ആരോഗ്യ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നത്.
രാത്രി 10 മണിക്ക് ശേഷമാണ് പലപ്പോഴും മാലിന്യം തള്ളുന്നത്. പാലത്തിന് സമീപം തെരുവ് വിളക്കുകൾ ഇല്ലാത്തതും മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കാത്തതുമാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നതിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
അതേ സമയം, ഇരുട്ടിന്റെ മറവിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും നഗരസഭ കൗണ്‍സിലർ മുക്കം വിജയൻ പറഞ്ഞു. പാലത്തിന് സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.