തൃശൂർ: ഇസാഫ് മൈക്രോഫിനാൻസിന്റെ രജത ജൂബിലി സമ്മാനമായി ആരംഭിക്കുന്ന ഇസാഫ് ചെറുകിട ബാങ്ക് 17നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിനു ലുലു കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എടിഎം കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും ഉദ്ഘാടനം നിർവഹിക്കും.
ഇസാഫിന്റെ രജത ജൂബിലി ആഘോഷം ഇന്നു രാവിലെ പത്തിന് തൃശൂർ അഞ്ചേരി സീവീസ് പ്ലാസയിൽ തൃശൂർ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. ഇസാഫ് അഞ്ചു വർഷത്തിനിടെ 20,000 കോടി രൂപയുടെ ബിസിനസാണു ലക്ഷ്യമിടുന്നതെന്നു സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ. പോൾ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷം 85 ശാഖകളും മുന്നൂറു സേവന കേന്ദ്രങ്ങളും എടിഎം, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുണ്ടാകും. നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും അടക്കം എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്തും. കാർഷിക, ചെറുകിട വ്യവസായ, ഭവന, വിദ്യാഭ്യാസ വായ്പകളാണ് ആദ്യഘട്ടത്തിൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
പത്തു സംസ്ഥാനങ്ങളിലായി 12 ലക്ഷം സംഘാംഗങ്ങൾക്കായി ഈടില്ലാതെ 10,000 കോടി രൂപയുടെ വായ്പ നൽകിയ ഇസാഫ് മൈക്രോഫിനാൻസ് കന്പനിയാണ് ഇസാഫ് ബാങ്കിന്റെ പ്രമോട്ടർ.
രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സംഘാംഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകും. സംഘാംഗങ്ങളുടെ മക്കളിൽ പഠനത്തിൽ മികവു പുലർത്തുന്നവർക്കു സ്കോളർഷിപും നൽകും. മികച്ച വനിതാ സംരംഭകരെ ആദരിക്കുകയും ചെയ്യും.
പരിപാടികൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ ഇസാഫ് സഹസ്ഥാപകയും ഡയറക്ടറുമായ മറീന പോൾ, ഡയറക്ടർ ജോർജ് തോമസ്, ട്രഷറർ സെലീന ജോർജ് എന്നിവരും പങ്കെടുത്തു.