തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നൂറാമത്തെ ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ഒന്നാം വാർഷികം നാളെ ലുലു കണ്വൻഷൻ സെന്ററിൽ നടക്കും. അടുത്ത സാന്പത്തിക വർഷം 200 ശാഖകൾകൂടി ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. പോൾ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്ന ബാലജ്യോതി ഉൾപ്പെടെ ആറു പുതിയ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. ബാങ്ക് അക്കൗണ്ട് തുടങ്ങാനും മറ്റും സഹായിക്കുന്ന ഉപശാഖകളായ ധൻകേന്ദ്ര, പെൻഷൻ യോജന, വീടു നിർമിക്കാൻ സഹായിക്കുന്ന ഗൃഹജ്യോതി, വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി തുടങ്ങിയവയാണു പുതിയ പദ്ധതികൾ.
നാളെ വൈകുന്നേരം 4.30നു നടക്കുന്ന സമ്മേളനത്തിൽ പദ്ധതികളും ഇസാഫിന്റെ 26-ാം വാർഷികാഘോഷവും രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. നൂറാമതു ശാഖയുടെ ഉദ്ഘാടനം ഇന്ന് 2.30ന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് 6,200 കോടി രൂപയുടെ മൊത്തം ബിസിനസ് നേടാനായി. 2,200 കോടി രൂപയുടെ നിക്ഷേപവും ആറു ലക്ഷം പുതിയ ഉപയോക്താക്കളുണ്ടായി.
11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി ഇസാഫ് ബാങ്കിന് ഇപ്പോൾ 400 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 200 എടിഎമ്മുകളും 20 ലക്ഷം ഉപയോക്താക്കളുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 16 ലക്ഷം പുതിയ വായ്പകൾ ഉൾപ്പടെ 4200 കോടി രൂപ വിതരണം ചെയ്തു. മൂലധനം 475 കോടി രൂപയാണ്. നാലായിരത്തിലധികം ജീവനക്കാരുണ്ട്.