പാറശാല: തമിഴ്സിനിമ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പിറന്നാള്‍ വേറിട്ട രീതിയിൽ ആഘോഷിച്ചു ആരാധകൻ ഇസൈക്കി മുത്തു. രജനിയുടെ കടുത്ത ആരാധകനായ ഇസൈക്കിമുത്തു പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന രജാ ഹെയര്‍ സ്റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഇന്നലെ ഷോപ്പില്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും കട്ടിംഗും ഷേവിംഗും പൂര്‍ണമായും സൗജന്യമാക്കിയാണ് പ്രിയതാരത്തോട് ആദരവ് പ്രകടിപ്പിച്ചത്.
തിരുനല്‍വേലി അമ്പാസമുദ്രം സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന ഇസൈക്കിമുത്തു കഴിഞ്ഞ 10 വര്‍ഷമായി പരശുവയ്ക്കലിലെ ജനങ്ങള്‍ക്ക് പ്രിയപെട്ടവനാണ്. 10 വയസുമുതല്‍ രജനീകാന്തിന്റെ സിനിമകള്‍ കണ്ട് തുടങ്ങിയ മുത്തു, ഏറെക്കുറെ എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു എന്നാണ് പറയുന്നത്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ദര്‍ബാറിന് ആശംസകളര്‍പ്പിച്ച് കടയുടെ പുറത്ത് ബോര്‍ഡ് സ്ഥാപിച്ച് ഇന്നത്തെ സര്‍വീസ് സൗജന്യമെന്ന് അറിയിച്ചപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്.
രാവിലെ മുതല്‍ നിരവധി പേരാണ് മുത്തുവിന്റെ കടയിലേക്ക് ഒഴുകി എത്തിയത്. സഹായികളായി കടയില്‍ രണ്ടുപേര്‍ കൂടെ ഉണ്ടെങ്കിലും ഇന്നലെ ഉച്ചക്ഷണത്തിനുകൂടി പോകാനാവാത്തവിധം തിരക്കായി. എല്ലാം രജനിക്കു വേണ്ടി എന്നാണ് മുത്തുവിന്റെ പക്ഷം.
എല്ലാ ശനിയാഴ്ചയും നാട്ടിലേക്ക് മടങ്ങുന്ന മുത്തു തിങ്കളാഴ്ച രാവിലെ പരശുവയ്ക്കലിലെത്തും ഭാര്യ മാലയും മക്കള്‍ ഇസൈക്കിരാജയും ഇസൈക്കി ലക്ഷ്മിയും രജനിയുടെ കടുത്ത ആരാധകരാണ്. രജനികാന്ത് ഇനിയും കുടുതല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തണമെന്ന അഭ്യര്ഥനയാണ് 70 ാം പിറന്നാളില്‍ ഇസൈക്കിമുത്തുവിനുള്ളത്.