ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവങ്ങളാണ് ടൈറ്റാനിക് ദുരന്തവും ലുസിറ്റാനിയ ദുരന്തവും. ലോകം മറക്കാനാഗ്രഹിക്കുന്ന ഈ രണ്ടു ദുരന്തങ്ങളിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു നാവികനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇന്നലെ രംഗത്തെത്തി.
1912 ലെ ടൈറ്റാനിക് ദുരന്തവും 1915ലെ ലുസിറ്റാനിയ ദുരന്തവും അതിജീവിച്ച ഏക നാവികനാണ് ബ്യൂചാസ്. അദ്ദേഹത്തിന്റെ മരണശേഷം 75 വർഷത്തിനിപ്പുറമാണ് കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നത്.
ടൈറ്റാനിക് ദുരന്ത സമയത്ത് ബ്യുചാസ് കപ്പലിന്റെ ബോയിലർ മുറിയിൽ ജോലിയിലായിരുന്നു. കപ്പൽ മഞ്ഞുമലയിൽ ഇടിച്ചപ്പോൾ വലിയ ഇടിവെട്ടിയതുപോലുള്ള ശബ്ദമാണ് ഉണ്ടായതെന്ന് ബ്യുചാസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
ക്യാപ്റ്റന്റെ നിർദേശപ്രകാരം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ബ്യുചാസ് നിരവധി യാത്രക്കാരെ ലൈഫ് ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തുകയും ഒടുവിൽ അത്തരമൊരു ബോട്ടിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
ലുസിറ്റാനിയ കപ്പൽ ദുരന്തം നടക്കുന്നത് ഒന്നാം ലോക മഹായുദ്ധകാലത്താണ്. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ എന്ന് ഖ്യാതി നേടിയ ഈ ബ്രിട്ടീഷ് കപ്പൽ 1915ൽ ജർമൻ സേന പ്രഖ്യാപിച്ച സമുദ്ര അതിർത്തി ലംഘിക്കുകയും തുടർന്ന് ജർമൻ സേന ഈ കപ്പൽ തകർക്കുകയുമായിരുന്നു.
കപ്പലിലെ ജീവനക്കാരനായിരുന്ന ബ്യുചാസ് അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതോടെ ഇനിമേലാൽ വലിയ കപ്പലുകളിൽ ജോലി ചെയ്യില്ലെന്ന് ബ്യുചാസ് തീരുമാനമെടുത്തിരുന്നത്രെ.