തളിപ്പറമ്പ് : സ്വന്തം വീട്ടില്‍ നിന്നും മകള്‍ ഇറക്കിവിട്ട വൃദ്ധ ദമ്പതികള്‍ക്ക് പളളി വരാന്തയില്‍ അഭയം. വീട്ടില്‍ മനഃസമാധാനത്തോടെ കഴിയുന്നതിന് നീതിപീഠത്തിന്റെയും നിയമപാലകരുടെയും ഭരണകൂടത്തിന്റെയും കനിവിനായി കാത്തിരിക്കുകയാണിവർ.
തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ ഹെന്റി ജോസും ഭാര്യ മോളിയുമാണ് പെരുവഴിയിലായത്. ആലുവ സ്വദേശിയായ ഹെന്റി ജോസ് ഭാര്യയോടൊപ്പം തളിപ്പറമ്പിലെത്തിയിട്ട് 43 വര്‍ഷമായി. സര്‍വീസ് സ്റ്റേഷന് തൊഴിലാളിയാണ് ഹെന്റി.
ഹെന്റിയും മോളിയും മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡ് റാഫേലും മൂന്നു മക്കളും തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിനു സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി മകളും മകളുടെ ഭര്‍ത്താവും വീട് സ്വന്തമാക്കാനായി നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് ദന്പതികൾ പറയുന്നത്. ഇത്രയും കാലമായി മകളില്‍ നിന്നും നീതിക്കായി പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിലസം രാത്രി മകൾ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നാണ് ഇവർ പറയുന്നത്. പോകാൻ ഒരിടമില്ലാതെ കഴിഞ്ഞ ദന്പതികൾക്കു സെന്റ്. പോള്‍സ് ദേവാലയ വികാരി ഫാ. ജേക്കബ് ജോസ് അഭയം നല്‍കുകയായിരുന്നു.
വികാരി അറിയിച്ചതനുസരിച്ച് എത്തിയ തളിപ്പറമ്പ് എസ്ഐ ഇന്നലെ രാവിലെ പത്തുമണിയോടെ മകളോട് വീട്ടില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിനു തയാറായില്ല. പകല്‍ സമയം വീട്ടില്‍ കഴിഞ്ഞാലും രാത്രി അവിടെ തങ്ങാന്‍ ധൈര്യമില്ലെന്നാണ് ഹെന്റി ജോസും ഭാര്യയും പറയുന്നത്. രാത്രിയില്‍ പളളി വരാന്തയില്‍ കഴിയാനാണ് ഇവരുടെ തീരുമാനം.