മൂന്നാർ: യുദ്ധത്തിന്റെ വിനാശകരമായ കെടുതികളെക്കുറിച്ചുള്ള വാർത്തകൾ ലോകമെങ്ങും ഉയരുന്പോൾ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമകളിൽ ഗ്രേറ്റ് എസ്കേപ്പ് റോഡ്.
യുദ്ധവേളയിൽ ജീവൻ രക്ഷിക്കാൻ ഇംഗ്ലീഷുകാർ ഉപയോഗിച്ചത് മൂന്നാറിലൂടെയുള്ള ഈ പാതയാണ്.
തമിഴ്നാടിനെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള റോഡാണ് ഈ പാത.
മൂന്നാർ മലനിരകളിൽ തേയില കൃഷി വ്യാപിച്ചുതുടങ്ങിയ കാലത്തുതന്നെ ദക്ഷിണേന്ത്യയിലെ ദിണ്ടിഗൽ ജില്ലയെയും തമിഴ്നാട്ടിലെ തേനി ജില്ലയെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമിക്കണമെന്ന ആശയം ഉയർന്നു.
1864 ൽ ഡഗ്ലസ് ഹാമിൽട്ടണ് റിപ്പോർട്ട് സമർപ്പിക്കുകയും കൊടൈക്കനാലിലെ ചതുപ്പ് പ്രദേശമായ ബെരിജാമും പളനി മലനിരകളും സൈനിക കന്റോണ്മെന്റിനോ സാനിറ്റോറിയത്തിനോ ഏറ്റവും മികച്ച സ്ഥലമാണെന്ന് നിർദേശിക്കുകയും ചെയ്തു.
ഫോർട്ട് ഹാമിൽട്ടണ് മിലിട്ടറി ഒൗട്ട്പോസ്റ്റ് പിന്നീട് അവിടെ നിർമിക്കുകയും ചെയ്തു. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റോഡുകളിൽ ഒന്നായി ഇതു മാറുകയും ചെയ്തു.
1900-ൽ മൂന്നാറിനും ടോപ്പ് സ്റ്റേഷനും ഇടയിലുള്ള കുണ്ടള റോഡും ട്രാംവേയും കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കന്പനി പൂർത്തിയാക്കി.
35 കിലോമീറ്റർ ദൈർഘ്യമേറിയ റോഡ് കുണ്ടള നദിയുടെ താഴ്വരയിലൂടെയാണ് കടന്നുപോയിരുന്നത്. 4.6 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്.
അതിൽ 3.7 മീറ്റർ കനത്തിൽ മെറ്റലിട്ടു. റോഡിൽ 22 തടി പാലങ്ങൾ ഉണ്ടായിരുന്നു. 1905 ആയപ്പോഴേക്കും തടിക്കു പകരം സ്റ്റീൽ, കോണ്ക്രീറ്റ് പാലങ്ങൾ നിർമിച്ചു. 1915ൽ, ലോസ് ഘട്ട് റോഡ്, വത്തലഗുണ്ടിൽനിന്നു വരുന്ന കാറുകൾക്കും ട്രക്കുകൾക്കും ബസുകൾക്കും കൊടൈക്കനാലിനെ തുറന്നുകൊടുത്തു.
1925ൽ ബെരിജാം തടാകത്തിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് രണ്ടാമത്തെ റോഡ് ആരംഭിച്ചു.
ഈ റോഡാണ് തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് അതിവേഗമെത്താനുള്ള മാർഗമായി മാറിയത്.
ദുർഘടമായ പാതയായിരുന്നെങ്കിലും തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കു സുഗമമായി കടക്കാനുള്ള അവസരം ഒരുക്കിയിരുന്നത് ഈ റോഡായിരുന്നു.
1942 ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് മദ്രാസ് നഗരത്തിൽ ബോംബെറിഞ്ഞതോടെ ഭയചകിതരായ ഇംഗ്ലീഷുകാർ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള മാർഗങ്ങൾ അന്വേഷിച്ചു.
കൊടൈക്കനാലിലെത്തി അവിടെനിന്ന് മൂന്നാറിലൂടെ കൊച്ചിയിലെത്തി കപ്പൽ മാർഗം ഇംഗ്ലണ്ടിലേക്ക് മടങ്ങാമെന്ന് ഇംഗ്ലീഷുകാർ കണക്കുകൂട്ടി.
മദ്രാസിൽനിന്നും ഒഴിപ്പിച്ച നിരവധി കുടുംബങ്ങൾ കൂട്ടത്തോടെ പലായനം ചെയ്ത് ഹിൽസ്റ്റേഷനായ കൊടൈക്കനാലിൽ എത്തി.
ഈ പാത ഉപയോഗിച്ച് നിരവധി ഇംഗ്ലീഷുകാർ രക്ഷപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കുറഞ്ഞ സമയത്തിനുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ സഹായമായതോടെ ഈ റോഡ് ഗ്രേറ്റ് എസ്കേപ്പ് റോഡ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ ഈ റോഡ് 1990 വരെ പ്രവർത്തിച്ചിരുന്നുവെങ്കിലും അന്തർ സംസ്ഥാന ഉടമസ്ഥതയെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.