സിറിയയിലെ ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റാഖ യുഎസ് പിന്തുണയോടെ സിറിയൻ കുർദിഷ് അറബ് സഖ്യസേന കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. നാലു മാസത്തെ ഏറ്റുമുട്ടലിനു ശേഷമാണ് ഈ നേട്ടം. ഇവിടെ ഐസ് ഭീകരുടെ തടവിൽ കഴിഞ്ഞിരുന്ന ഒരു സിറിയൻ വനിത താൻ മോചിതയായി എന്നറിഞ്ഞപ്പോൾ നടത്തിയ ആഹ്ലാദ പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്.
ധരിച്ചിരുന്ന കറുത്ത നിറത്തിലുള്ള മേലാട വലിച്ചു കീറിയായിരുന്നു ഇവരുടെ ആഹ്ലാദ പ്രകടനം. തീർന്നില്ല, തന്നെ രക്ഷിച്ച പട്ടാളക്കാരെ ചുംബിക്കുകയും മുട്ടുകുത്തിയിരുന്ന് നിലത്ത് മണ്ണിൽ ചുംബിക്കുകയും കൈകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തി ഒച്ചവയ്ക്കുകയും ഇവർ ചെയ്തു. ഇവർക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
സൈനികർ രക്ഷപെടുത്തിയപ്പോൾ ആളുകൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കുർദ്ദിഷ് മാധ്യമപ്രവർത്തകനായ നാസിം ദസ്താനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.