ഇരിങ്ങാലക്കുട: ഇഎസ്ഐ ആശുപത്രിയിലേക്കു പോകുന്നവർ ശ്രദ്ധിക്കുക. മുൻവശത്തെ ചെളി ചവിട്ടാതെ ഇഎസ്ഐ ആശുപത്രിയിലെത്തുകയെന്നത് ഒരു കടന്പയാണ്.
ഒരാൾക്കു പോകാൻ പാകത്തിന് ഇടവിട്ട് ഇട്ടിരിക്കുന്ന ഇഷ്ടികകളിലൂടെ ബാലൻസ് ചെയ്തു വേണം ആശുപത്രിയിലെത്താൻ. ഒരു മഴപെയ്താൽ ചെളിയിൽ മുങ്ങുന്ന ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ ഇതുവരെയും അധികാരികൾക്കു കഴിഞ്ഞിട്ടില്ല.
ഇരിങ്ങാലക്കുട എകെപി ജംഗ്ഷനു സമീപം വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ഇഎസ്ഐ ആശുപത്രി പ്രവർത്തിക്കുന്നത്. കൊടുങ്ങല്ലൂരിൽ ഇഎസ്ഐ ആശുപത്രി ഇല്ലാത്തതിനാൽ അവിടെ നിന്നടക്കം നൂറോളം രോഗികളാണു ദിനവും ഇവിടെ എത്തുന്നത്.
മഴപെയ്താൽ ചെളിയും വെള്ളവും നിറയുന്ന ഈ മുറ്റത്തു കൂടിയല്ലാതെ ഒരു റോഡുപോലും ആശുപത്രിക്കെട്ടിടത്തിലേക്ക് ഇല്ല. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ അഞ്ചുമാസം ഗർഭിണിയായ അധ്യാപിക ചെളിനിറഞ്ഞ വഴിയിൽ വീഴാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന സഹായി രക്ഷപ്പെടുത്തുകയായിരുന്നു.
ഇരിങ്ങാലക്കുട ചാലാന്പാടം സ്വദേശിനിയും ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ തനുജയാണു ചെളിയിൽ വീഴാതെ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടത്. സംഭവത്തിൽ ഇഎസ്ഐ അധികാരികൾക്കും ആരോഗ്യമന്ത്രിക്കും അധ്യാപിക പരാതി നൽകി.
ജില്ലയിൽത്തന്നെ ഏറ്റവും അധികം രോഗികൾ എത്തുന്ന ഇഎസ്ഐ ക്ലിനിക്കുകളിലൊന്നാണ് ഇരിങ്ങാലക്കുടയിലേത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 10,200-ഓളം പേരാണ് ഈ ആശുപത്രിയുമായി ബന്ധപ്പെടുന്നത്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു സ്വന്തം കെട്ടിടം നിർമിക്കാനായില്ലെങ്കിലും ചെളിനിറഞ്ഞ വഴിയെങ്കിലും നേരെയാക്കി നൽകണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.