കൊച്ചി: എറണാകുളം ജില്ലാ ഇഎസ്ഐ ആശുപത്രിയുടെ നവീകരണത്തിന് ഏതാനും വികസനപദ്ധതികൾക്ക് ഇഎസ്ഐ കോര്പറേഷന് അംഗീകാരം നല്‍കിയെങ്കിലും ദുരവസ്ഥ തുടരും. അടിയന്തരമായി നടത്തേണ്ട 32 നവീകരണ പദ്ധതികൾ തയാറാക്കി സമർപ്പിച്ചെങ്കിലും ഒമ്പതെണ്ണത്തിനു മാത്രമാണ് അംഗീകാരം ലഭിച്ചത്. ഇതിനുപുറമെ അംഗീകരിച്ച പദ്ധതികളുടെ ചെലവിന്റെ 25 ശതമാനം മാത്രമേ നിലവില്‍ ആശുപത്രിക്കു കൈമാറിയിട്ടുള്ളൂ.
കാലപ്പഴക്കത്തില്‍ ദ്രവിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനാണു മുന്തിയ പരിഗണന ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിച്ച തുക ഉപയോഗിച്ച് ഫീമെയില്‍ വാര്‍ഡിലെയും എക്സറേ, ലാബ് യൂണിറ്റുകളിലെയും ഓഫീസ് മുറിയിലെയും മേല്‍ക്കൂര പ്ലാസ്റ്റര്‍ ചെയ്യും.
മഴയത്ത് വെള്ളം ചോര്‍ന്ന് എക്സറേ മെഷീനുകളും ഫയലുകള്‍ നശിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തുക ലഭിക്കുന്ന മുറയ്ക്കു മറ്റു നവീകരണ പ്രവൃത്തികള്‍ ചെയ്യും. അതേസമയം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്കാന് മികച്ച സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രപ്പോസല്‍ കോര്പറേഷന് വീണ്ടും അവഗണിച്ചു. നിലവില്‍ ചെറിയൊരു അത്യാഹിത വിഭാഗം ഇവിടുണ്ടെങ്കിലും മുറിവിനു മരുന്നു പുരട്ടാന്പോലുമുള്ള സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ല.
ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം വേണമെന്നത് ദീര്‍ഘനാളായുള്ള ആശുപത്രിയുടെ ആവശ്യമാണ്. ഇതിനുള്ള സ്ഥലമൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ തവണയും പ്രപ്പോസല്‍ നല്‍കാറുണ്ടെങ്കിലും അത്യാഹിത വിഭാഗത്തിന്റെ കാര്യത്തില്‍ അവഗണനയാണെന്നാണ് അധികൃതരുടെ പരാതി.
അറുപതു വര്‍ഷത്തെ കാലപ്പഴക്കം കാരണം എപ്പോള്‍വേണമെങ്കിലും ഇടിഞ്ഞുവീണേക്കാവുന്ന നിലയിലാണ് ആശുപത്രി കെട്ടിടം. മേല്‍ക്കൂരയും ഭിത്തിയും പൊട്ടിപ്പൊളിഞ്ഞു നിലംപൊത്താറായി. ചെറിയ മഴയില്‍പോലും ഒപിയും വാര്‍ഡുകളും ഓഫീസ് മുറികളും വെള്ളത്തിലാകും.
മധ്യഭാഗം താഴ്ന്നുപോയ വരാന്തയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഏറ്റവും സുരക്ഷിതമാകേണ്ട ഏക ഓപ്പറേഷന് തിയറ്ററിന്റെ ഭിത്തിയും വിണ്ടുകീറി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്.പേരിന് ഏഴ് സ്പെഷാലിറ്റികളുണ്ടെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം പോരായ്മയാണ്. ആവശ്യമുള്ളതിലും പകുതി ജീവനക്കാരെ ഇവിടെയുള്ളൂ.
കിടത്തിചികിത്സാ വിഭാഗത്തിന്റെ സൗകര്യങ്ങളും പരിമിതമാണ്. കിടക്കകളുടെ എണ്ണം അറുപതില്നിന്നു നൂറാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൗണ്‍സിലിന് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. പുതിയ ഒപി കെട്ടിടം, പുതിയ ഓപ്പറേഷന് തിയേറ്റര്‍, ലാബ്, എക്സറേ യൂണിറ്റ് എന്നിവയുടെ ആധുനികവത്കരണം തുടങ്ങി ആശുപത്രി വികസന സമിതി തയാറാക്കി നല്കിയ 14 കോടിയുടെ വികസന പദ്ധതിയും സംസ്ഥാന കൗണ്‍സിലില്‍ തള്ളി. അതേസമയം ജില്ല ആശുപത്രിയുടെ കീഴില്‍ വരുന്ന 22 ഡിസ്പെന്‍സറികളുടെ നവീകരണത്തിനുള്ള പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്.
ഉച്ചകഴിഞ്ഞാൽ ഡോക്ടറെ കാണാനില്ല
രേഖകളിൽ ജില്ലാ ഇഎസ്ഐ ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ഇവിടെ ചികിത്സ പരിമിതമാണ്. സൂപ്രണ്ടും ആര്‍എംഒയും അടക്കം 15 ഡോക്ടര്‍മാരുള്ള ഇവിടെ ഒരുമണി കഴിഞ്ഞാല്‍ ഒരു ഡോക്ടറേ ഉണ്ടാകൂ. ഉച്ചയ്ക്കു ശേഷം വരുന്ന രോഗികളെ ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് മടക്കിയയയ്ക്കും.
തീരെ നിവൃത്തിയില്ലെങ്കിലേ പരിശോധിക്കൂ.ഏഴ് സ്പെഷാലിറ്റികളിലായി 17 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയേ ആശുപത്രിക്കുള്ളൂ. സൂപ്രണ്ടും ആര്‍എംഒയും കഴിഞ്ഞാല്‍ 12 ഡോക്ടര്‍മാർ. ഫിസിഷ്യന്റെ ഒഴിവിലേക്ക് താല്കാലികാടിസ്ഥാനത്തില് ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല.
ഇഎന്‍ടിയില്‍ വര്‍ഷങ്ങളായി കണ്ണ് ഡോക്ടറുമില്ല. 60 കിടപ്പുരോഗികള്‍ക്കും വന്നുപോകുന്ന നൂറു കണിക്കിന് രോഗികള്‍ക്കുമായി ആകെയുള്ളത് 19 നഴ്സുമാരാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.