കൊല്ലം: ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ സമഗ്ര വികസന സാധ്യതകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുവാൻ ഇഎസ്ഐ മെഡിക്കൽ കമ്മീഷണർ ഡോ. ആർ.കെ. കഠാരിയയും ഇഎസ്ഐ ചീഫ് എഞ്ചിനിയർ സുധീപ് ദത്തയും അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം ആശ്രാമം ഇഎസ്ഐ ആശുപത്രി നേരിട്ട് പരിശോധന നടത്തുകയും അവലോകനയോഗം ചേരുകയും ചെയ്തതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
കേന്ദ്ര തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ലേബർ കണ്സൾട്ടേറ്റീവ് കമ്മിറ്റി എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ആവശ്യത്തെ തുടർന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചത്.
200 കിടക്കകളുള്ള ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തിയെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് ആശുപത്രി പ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി വിലയിരുത്തി.
ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന് കെട്ടിടം നിർമിക്കുന്നതിനാണ് പ്രധാന പരിഗണന. നിലവിലുള്ള കെട്ടിടത്തിന് മുകളിൽ കൂടുതൽ നിലകൾ പണിയണമോ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കണമോ എന്നത് സംബന്ധിച്ച് സിപിഡബ്ളിയുഡി യുമായി ചർച്ച ചെയ്ത് തീരുമാനിക്കാൻ ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ന്യൂറോ സർജറി, എംആർഐ സിറ്റി സ്കാൻ തുടങ്ങിയ ടെസ്റ്റുകൾ നടത്തുന്നതിനാവശ്യമായ തുടർനടപടികൾ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനവുമായി ചർച്ച നടത്തും.
വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ നൂതന ഉപകരണങ്ങൾ വാങ്ങുവാനുള്ള തുടർനടപടി സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇഎസ്ഐ ആശുപത്രികളുടെ അറ്റകുറ്റ പണികൾ സംസ്ഥാന ഇഎസ് ഐ ചെയ്യുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ സംസ്ഥാന ഇഎസ്ഐ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു.
ആശ്രാമം ഇഎസ്ഐ ആശുപത്രിയുടെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യക്കുറവ് കൂടുതൽ നിർമാണം നടത്തുവാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. ആശുപത്രി പ്രവർത്തനത്തിനായി കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനും നിലവിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഇഎസ്ഐ മെഡിക്കൽ കമ്മീഷണർ അഭിപ്രായപ്പെട്ടു.
ഇഎസ്ഐ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ വിൽപന നടത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുവാൻ സംസ്ഥാന ഇഎസ്ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടറെയും ആശ്രാമം ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി.
സമയബന്ധിതമായിത്തന്നെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി വിവിധ സ്പെഷാലിറ്റികളുടെ പ്രവർത്തനം ആരംഭിച്ച് ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുത്തനുള്ള നടപടി സ്വീകരിക്കുമെന്നും ഇഎസ്ഐ കമ്മീഷണർ പറഞ്ഞതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.