ആലപ്പുഴ: കോവിഡ്-19ന്റെ വ്യാപനത്തെ തുടർന്നു ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ എർപ്പെടുത്തിയ ടെലിമെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ കയറി നഗ്നതാപ്രദർശനം നടത്തുകയും അശ്ലീലഭാഷണങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ.
പ്രതി തൃശൂർ മണലൂർ പഞ്ചായത്ത് വാർഡ് എട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം കരിപ്പയിൽ വീട്ടിൽ കെ.ആർ. സഞ്ജയിനെ(25)യാണ് അറസ്റ്റുചെയ്തത്.
രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദർശിപ്പിച്ചു അശ്ലീല സംഭാഷണം നടത്തിവന്ന ഇയാൾ വനിതാ ഡോക്ടർമാർക്കു സ്ഥിരം ശല്യമായിരുന്നു.
വിവിധ ജില്ലകളിൽ പരാതികളുമുണ്ടായി. ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു.
ആലപ്പുഴ അഡീഷണൽ എസ്പി എ. നസീമിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രാജേഷ് അടങ്ങുന്ന ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ടീം മുന്നു ദിവസങ്ങളിലായി വിവിധ തലങ്ങളിലൂടെ ഇ-സഞ്ജീവനി പോർട്ടൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഉറവിടം മനസിലാക്കുകയും ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും ലഭ്യമാക്കിയ വിവരങ്ങളിൽ പ്രതി സഞ്ജയ് (25)ആണെന്ന് തിരിച്ചറിഞ്ഞു.
പ്രതിയെ തൃശൂരിൽ നിന്നും അറസ്റ്റു ചെയ്തു. കുറ്റകൃത്യത്തിനു ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചാർജ് വഹിക്കുന്ന ചേർത്തല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.