ന്യൂഡൽഹി: പാപ്പർ പട്ടികയിൽപ്പെട്ട എസാർ സ്റ്റീൽ വിൽക്കുന്നതിന് പുതിയ ടെൻഡർ ക്ഷണിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) അനുസരിച്ച് ആർസെലർ മിത്തൽ, നൂമെറ്റൽ എന്നീ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയതിനെത്തുടർന്നാണ് പുതിയ ടെൻഡർ ക്ഷണിക്കാൻ ബാങ്കുകൾ തീരുമാനിച്ചത്. പുതിയ ടെൻഡർ സമർപ്പിക്കാൻ ഏപ്രിൽ രണ്ടു വരെ സമയമുണ്ട്.
എസാർ സ്റ്റീലിൽ താത്പര്യമറിയിച്ച് വേദാന്ത റിസോഴ്സസ്, ടാറ്റാ സ്റ്റീൽ, നിപ്പോൺ സ്റ്റീൽ, നൂമെറ്റൽ, ആർസലർ മിത്തൽ എന്നീ അഞ്ചു കമ്പനികളാണ് മുന്നോട്ടുവന്നത്. 49,000 കോടി കടമുള്ള എസാർ സ്റ്റീൽ പാപ്പർ നടപടി നേരിടുകയാണ്.
അതേസമയം, എസാർ സ്റ്റീൽ ഏറ്റെടുക്കാൻ തങ്ങൾ യോഗ്യരാണെന്നു ചൂണ്ടിക്കാട്ടി റഷ്യയിലെ വിടിബി കാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള നൂമെറ്റൽ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. അഞ്ചു കന്പനികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വാങ്ങാനുള്ള ടെൻഡർ സമർപ്പിച്ചത് നൂമെറ്റലും, ആർസിലർ മിത്തലുമായിരുന്നു.