ബംഗളൂരു: കേക്കിൽ ചേർക്കുന്ന എസൻസ് അമിതയളവിൽ ഉള്ളിൽച്ചെന്നതിനെ തുടർന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്നു തടവുകാർ മരിച്ചു. ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്.
കേക്ക് ഒരുക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇവർ അധികൃതർ അറിയാതെ എസൻസ് അമിതയളവിൽ കുടിക്കുകയായിരുന്നു. വയറുവേദനയും ഛർദിയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ബന്ധുക്കളോട് എസൻസ് കുടിച്ച കാര്യം ഇവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.