എസ്.എം
ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിനു യുവതയ്ക്കു മടിയില്ലാതായി. ചെറിയ ടാറ്റൂകളില്നിന്നു ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന വലിയ ടാറ്റൂകളിലേക്കു മലയാളി എത്തിക്കഴിഞ്ഞു. ടാറ്റൂ പതിക്കല്‍ ഇന്നു ഫാഷന്‍ മാത്രമല്ല ലക്ഷങ്ങള്‍ മറിയുന്ന ബിസിനസ് കൂടിയാണ്.
ടാറ്റൂ അടിക്കല്‍ എങ്ങനെ?
ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ (ടാറ്റൂ ഗണ്‍) സഹായത്തോടെ സൂചിമുനയാല്‍ ത്വക്കിലേക്കു മഷി കുത്തിവയ്ക്കുന്നതാണ് ടാറ്റൂ അടിക്കലിന്റെ രീതി. തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ചര്‍മം വലിച്ചു പിടിച്ചു ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്.
അത്തരത്തിലുകുന്നതിനെ മുറിവായി കണ്ടു പച്ച കുത്തിയ ഭാഗം അല്പനാള് പരിചരിക്കണം. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്തു പുതിയ ചര്‍മം വന്നു മൂടും.
ടാറ്റൂ ചെയ്തതിനു ശേഷം ടാറ്റൂ വിദഗ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍, ചിലപ്പോഴെങ്കിലും ടാറ്റൂ അടിക്കല്‍ ചര്‍മപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് ടാറ്റൂ ആര്ട്ടിസ്റ്റുകള്ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ടാറ്റൂ ചെയ്യും മുന്‍പ്
ടാറ്റൂ ചെയ്യും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അണുവിമുക്തമായ ഉപകരണങ്ങളുടെ ഉപയോഗം, വൃത്തി എന്നിവ ഇതില്‍ പരമപ്രധാനം. പരിചയമുള്ള സ്ഥാപനങ്ങളിൽ പോയി ടാറ്റൂ ചെയ്യുന്നതാണ് ഉത്തമം.
ടാറ്റൂ ചെയ്യാനുള്ള ഉപകരണങ്ങളും ചര്‍മവും അണുവിമുക്തമാക്കണം. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന സൂചി, ഗണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ അറ്റത്ത് ഒട്ടിക്കുന്ന റാപ്പ്, ഇങ്ക്, ഇങ്ക് ക്യാപ് എന്നിവയെല്ലാം പുതിയതാണെന്ന് ഉറപ്പുവരുത്തണം. അലര്‍ജികള്‍, പനി, പ്രമേഹം, വിളര്‍ച്ച എന്നിവയുള്ളവരാണെങ്കില്‍ അക്കാര്യം ടാറ്റൂ ആര്ട്ടിസ്റ്റിനോടു പറയണം.
കൂടാതെ അലര്‍ജി ടെസ്റ്റ് ചെയ്തിട്ടു വേണം ടാറ്റൂ ചെയ്യാൻ. ടാറ്റൂ ചെയ്ത് കഴിഞ്ഞ് 48 മണിക്കൂര്‍ വരെ തടിപ്പ് സ്വാഭാവികമാണ്. എന്നിട്ടും മാറിയില്ലെങ്കില്‍ ഡോക്ടറെ കാണുക. ടാറ്റൂ ചെയ്തയുടന്‍ ആ ഭാഗം ചൊറിയരുത്.
രോമമുള്ള സ്ഥലത്താണ് ടാറ്റൂ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ രോമം നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ടാറ്റൂ ചെയ്യുമ്പോള്‍ രോമം ചര്‍മത്തിനുള്ളില്‍ തടഞ്ഞിരുന്നു തൊലിപ്പുറത്തു പ്രശ്നങ്ങള്‍ ഉണ്ടാകാം. ടാറ്റൂ ചെയ്യുമ്പോള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.
പത്തു ദിവസം വരെയെങ്കിലും സൂര്യപ്രകാശം, പൊടി എന്നിവ ഏല്‍ക്കരുത്. മാസങ്ങള്‍ക്കു ശേഷവും വേദന, തടിപ്പ്, ചൊറിച്ചില്‍ , രക്തസ്രാവം എന്നിവ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ത്വക്രോഗ വിദഗ്ധനെ കാണണം.
ടാറ്റൂ മായിക്കാന്‍ ചെലവേറെ
പ്രണയിയോടുള്ള താല്പര്യം പ്രകടിപ്പിക്കാനായി അവരുടെ പേരു സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നവരുണ്ട്. എന്നാല്‍, പ്രണയം പരാജയപ്പെട്ടാലാണ് പണി കിട്ടുന്നത്. അപ്പോള്‍ ടാറ്റൂ മായ്ക്കാന്‍ ശ്രമിച്ചാല്‍ പണം ഇരട്ടിയാകും.
അതായത് ടാറ്റൂവിന്റെ വലിപ്പം അനുസരിച്ച് അഞ്ചു മുതല്‍ എട്ടു തവണ വരെ ലേസര്‍ ചികിത്സ വേണ്ടിവരും. അയ്യായിരം രൂപ മുടക്കി ചെയ്ത ടാറ്റൂ മായിക്കാന്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവു വന്നേക്കാം.
ചിലരാകട്ടെ ഒരു ആവശത്തിന് ടാറ്റൂ അടിക്കും. പിന്നെ മായ്ക്കണമെന്നു വച്ചാലും സംഗതി ബുദ്ധിമുട്ടുതന്നെയാണ്. അതുകൊണ്ടുതന്നെ ടാറ്റൂ അടിക്കുന്നതിനുമുമ്പ് രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ ഏറെ
ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്കിന്‍ സ്പെഷലിസ്റ്റില്നിന്നു ടാറ്റൂ ആര്‍ട്ടിസ്റ്റില്‍നിന്ന് ഇതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നത് നല്ലതാണ്. ചര്‍മം പലരിലും പല രീതിയിലാണുള്ളത്.
കട്ടിയുള്ളത്, മൃദു എന്നിങ്ങനെ വ്യത്യസ്തമായ ചർമം ഉള്ളവരുണ്ട്. മൃദുവായ ചര്‍മക്കാര്‍ക്കു പെട്ടെന്ന് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ടാറ്റൂ മൂലമുള്ള അലര്‍ജിയുമായി പലരും വൈദ്യ സഹായം തേടിയെത്താറുണ്ടെന്ന് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. അനുരാധ കാക്കനാട്ട് ബാബു പറഞ്ഞു.
നീഡില്‍ സ്റ്റിക് ഇഞ്ചുറി
ഒരാളില്‍ ഉപയോഗിച്ച സൂചി മറ്റൊരാളില്‍ അണുവിമുക്തമാകാതെ ഉപയോഗിച്ചാല്‍ അതിലൂടെ എച്ച്ഐവി, ഹെപ്പറ്റിറ്റിസ് ബി എന്നിവ പകരാനുള്ള സാധ്യത ഏറെയാണ്. ടാറ്റൂ ചെയ്ത സ്ഥലത്തു ബാക്ടീരയുടെ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.
ടാറ്റൂ ചെയ്യുന്നതിനുള്ള മഷി മൂലമുള്ള അലര്‍ജി ചിലപ്പോള്‍ ചെയ്ത ഉടനെയോ അല്ലെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമോ ഉണ്ടാകാം. ചൊറിച്ചിലോടു കൂടി തടിച്ചു പൊങ്ങി ആ ഭാഗം പൊട്ടി ഒലിക്കും.
അതിനകത്ത് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആ ഭാഗത്ത് ആന്റി ബയോട്ടിക് ലേപനങ്ങള്‍ പുരട്ടേണ്ടതായി വരും. അതുകൊണ്ടുതന്നെ ടാറ്റൂ ചെയ്യൽ പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാനാവില്ല.
ടാറ്റൂ ചെയ്ത സ്ഥലം ശുചിയാക്കി വയ്ക്കണം. ഒരിക്കല്‍ ഒരു മഷിയോട് അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടും വീണ്ടും അത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവുകള്‍ കരിയുമെന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പറയുമ്പോഴും മാസങ്ങളോളം കരിയാത്ത മുറിവുകളും ഉണ്ടാവാറുണ്ട്.
ടാറ്റൂ ചെയ്യുമ്പോള്‍ പല വര്‍ണങ്ങളിലുള്ള ടാറ്റൂ മഷി ഉപയോഗിക്കാറുണ്ട്. ഇത്തരം മഷികളില്‍ പല അപകടങ്ങളും പതിയിരിക്കുന്നുണ്ട്. സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍ , ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നീ മൂലകങ്ങളുടെ അംശങ്ങളും പച്ചകുത്തുമ്പോള്‍ ടാറ്റൂ ചെയ്യുമ്പോള്‍ ശരീരത്തില്‍ എത്തുന്നു.
(തുടരും)