മലയാളത്തിന്റെ നായിക നിരയിലേക്കു ഒരു ബാല താരം കൂടി ഇടം പിടിക്കുകയാണ്, എസ്തർ അനിൽ. മെഗാവിജയം നേടിയ ദൃശ്യവും അതിന്റെ തമിഴ്, തെലുങ്കു പതിപ്പുകളിലുമൊക്കെയായി എസ്തർ ബാലതാരമായിത്തന്നെ മാറ്റ് തെളിയിച്ചതാണ്.
ഇപ്പോൾ വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്റെ പുതിയ ചിത്രം ഓളിലൂടെ നായികയായും എസ്തർ പ്രേക്ഷകർക്കു മുന്പിലേക്ക് എത്തുകയാണ്. “ഒരു ബാലതാരമായി വന്നു, പിന്നെ കേന്ദ്രകഥാപാത്രമായി, ഇപ്പോൾ നായികയായി എന്നു പറയുന്പോൾ അഭിനയിക്കുക എന്നതാണ് എന്റെ കർമ്മം. അതിൽ മാറ്റമൊന്നും കാണുന്നില്ല’’- എസ്തർ വാചാലയാകുന്നു.
നല്ലവൻ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു?
എന്റെ അപ്പയും അമ്മയും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളുകളാണ്. വയനാട്ടിൽ ഒരു ചാനലിന്റെ കുക്കറി ഷോയിൽ അമ്മ പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കാമറാമാനാണ് കുട്ടികളുടെ ഒരു പ്രോഗ്രാം ആങ്കർ ചെയ്യാനായി വിളിക്കുന്നത്. അതിനായി തിരുവനന്തപുരത്തെത്തി. അവിടെ വെച്ചാണ് നല്ലവനിലേക്കു വിളിക്കുന്നത്. ആ സമയത്ത് ഞാൻ തേർഡിലാണ് പഠിക്കുന്നത്.
ബാലതാരം എന്നനിലയിൽ മലയാളികളുടെ മനസിലിടം നേടുന്നത് ദൃശ്യത്തിലൂടെയാണല്ലോ?
വർഷം ഇത്ര കഴിഞ്ഞിട്ടും പ്രേക്ഷകർ ദൃശ്യം പറഞ്ഞാണ് എന്നെ തിരിച്ചറിയുന്നത്. എന്റെ ഓരോ സിനിമകളിറങ്ങുന്പോഴും ഫസ്റ്റ് ഷോ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ദൃശ്യം റിലീസ് ചെയ്തപ്പോൾ കണ്ണൂരിൽ ഒരു പ്രോഗ്രാമിലായിരുന്നു ഞാൻ. അതുകഴിഞ്ഞ് തിരിച്ചു വയനാട്ടിലെത്തി സെക്കൻഡ് ഷോയാണ് കാണാൻ പോകുന്നത്.
അപ്പോൾ തന്നെ ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ചിത്രം ഇറങ്ങി മൂന്നു ദിവസമൊക്കെ കഴിഞ്ഞപ്പോഴാണ് അത്ര വലിയൊരു ഹൈപ്പിലേക്കു പോയത്. ദൃശ്യത്തിനു ശേഷം ജീവിതം തന്നെ മാറി എന്നു പറയാം.
നായികയായ് എത്തുന്ന ഓളിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?
ആദ്യം എനിക്കു നല്ല പേടിയുണ്ടായിരുന്നു. മായ എന്ന പതിനഞ്ചു വയസുകാരിയാണ് എന്റെ കഥാപാത്രം. കഥ കേട്ടപ്പോൾ സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നീട് അതിന്റെ ഫുൾ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. എന്നിട്ടും ഒന്നും മനസിലായില്ല എന്നതാണ് സത്യം. എനിക്കു തന്നെ നല്ല പ്രഷറായി തോന്നിയിരുന്നു.
അത് അപ്പ-അമ്മയോട് പറഞ്ഞപ്പോൾ നിനക്കിതു പറ്റും എന്നുള്ളതുകൊണ്ടല്ലെ സാറു വിളിച്ചത് എന്നു സപ്പോർട്ട് തന്നു. ഒരുപാട് കാര്യങ്ങൾ പഠിച്ചു. പലതിനേയും കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയ ഡെപ്തുള്ളൊരു സിനിമയാണ് ഓള്. വിവിധ ഭാഷകളിൽ നിന്നുള്ളവർ ആ സിനിമയിലുണ്ട്.
അപ്പോൾ പലരും ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് ഇത്ര ചെറു പ്രായത്തിൽ ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത് എന്ന്. സത്യത്തിൽ ഞാൻ എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്കിപ്പോഴും പൂർണമായും മനസിലായിട്ടില്ല.
നായകൻ ഷെയ്നുമായി സൗഹൃദമുണ്ടായിരുന്നോ?
പ്രായമുള്ളയാളാണ് ഷാജിസാറെങ്കിലും യൂത്തിനിടയിൽ നിന്നു ചിന്തിക്കുന്ന ഒരു മനസ് അദ്ദേഹത്തിനുണ്ട്. ഡിസ്കഷൻ സമയത്തു ഞാനും ഷെയ്നും മിണ്ടാതിരിക്കുന്പോൾ ഞങ്ങളെ സംസാരിപ്പിക്കാൻ സാറ് പലപ്പോഴും ശ്രമിച്ചിരുന്നു.
അപ്പയും ഷെയ്നും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഷെയ്ന്റെ ഒരു സിനിമയും മുന്പ് ഞാൻ കണ്ടിരുന്നില്ല. ഓളിന്റെ സെക്കൻഡ് ഷെഡ്യൂൾ സമയത്താണ് പറവ ഞാൻ കാണുന്നത്. പിന്നെ ഒരുപാട് കോന്പിനേഷൻ സീനുകളും ഞങ്ങൾക്കുണ്ടായിരുന്നില്ല.
അച്ഛന്റെയും അമ്മയുടേയും പിന്തുണ എത്രത്തോളമുണ്ട്?
എന്നേക്കാൾ വളരെ പാഷനോടെ സിനിമയെ സ്നേഹിച്ചവരാണ് എന്റെ മാതാപിതാക്കൾ. എനിക്കൊന്നും അറിയാത്ത പ്രായത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്. പഠിത്തത്തിന്റെ കാര്യത്തിലോ ക്ലാസ് മിസാവുന്നതിലോ അവർക്കു ടെൻഷൻ ഉണ്ടായിരുന്നില്ല. കാരണം നല്ല മാർക് മേടിക്കാൻ എനിക്കു സാധിക്കുന്നുണ്ട്.
സിനിമയിലായാലും ജീവിതത്തിലായാലും നല്ല വഴികളാണ് അവർ കാണിച്ചു തരുന്നത്. ഒരു സിനിമ എത്തുന്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കേട്ടാണ് തീരുമാനമെടുക്കുന്നത്.
അനുജൻ എറിക്കും സിനിമയിൽ തിരക്കുള്ള ബാലതാരമാണല്ലോ?
ഒരു നാൾ വരും സിനിമ ചെയ്യുന്പോൾ മുതൽ അവൻ സെറ്റിലൊക്കെ വരുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയോട് അവനു ഭയങ്കര ഇഷ്ടവും പാഷനുമാണ്. ടേക്ക് ഓഫിൽ അവന്റേത് ഗംഭീര പ്രകടനമായിരുന്നു. അവന്റെ സിനിമകളൊക്കെ ശ്രദ്ധിക്കാറുണ്ട്.
മലയാളത്തിനു പുറമേ അന്യ ഭാഷകളിലും ഇതിനോടകം ശ്രദ്ധ നേടാൻ സാധിച്ചല്ലോ?
ദൃശ്യത്തിന്റെ റീമേക്ക് പാപനാശത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. പാപനാശത്തിനായി ഒരു വർഷത്തെ സമയമെടുത്തപ്പോൾ അതിന്റെ ഇടയിലാണ് തെലുങ്ക് ചെയ്യുന്നത്. കമൽ സാറിനും വെങ്കിടേഷ് അങ്കിളിനുമൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്.
തെലുങ്കിൽ മറ്റൊരു സിനിമ കൂടി ഞാൻ ചെയ്തിരുന്നു. തമിഴിൽ രണ്ടു ചിത്രങ്ങളിൽ ഒന്നിന്റെ ഷൂട്ടിംഗ് പകുതിയാക്കിവെച്ചിരിക്കുകയാണ്. മേക്കിംഗൊക്കെ വളരെ വ്യത്യസ്തമായി വർഷങ്ങളെടുത്താണ് സംവിധായിക ഹലിത ഷമീം ആ സിനിമ ഒരുക്കുന്നത്. മറ്റൊരു ചിത്രം തുടങ്ങിയിട്ടില്ല.
സിനിമ അല്ലാതെയുള്ള ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
പാട്ടു കേൾക്കാനും ആർട്സ് വർക്കുകളുമാണ് പിന്നെയുള്ള ഇഷ്ടങ്ങൾ. വായനാ ശീലമുണ്ട്. നൃത്തം പഠിക്കാൻ പോയിരുന്നു. പിന്നെ വീട്ടിൽ എല്ലാവരും യോഗയുടെ ആളുകളാണ്.
പഠിത്തത്തിനൊപ്പം ഭാവി പദ്ധതികളും മനസിലുണ്ടോ?
പ്ലസ് ടു കൊമേഴ്സാണ് ഞാൻ പഠിക്കുന്നത്. ബിസിനസ് എനിക്കു വളരെ ഇഷ്ടമുള്ളതാണ്. അതുകൊണ്ടുതന്നെ ബി.കോം, എംബിഎ ചെയ്യണം എന്ന് മനസിലുണ്ട്. ഹ്യൂമൻ റിസോഴ്സും വളരെ ഇഷ്ടമുണ്ട്. ഭാവിയിൽ അങ്ങനെയും ജോലിചെയ്യണമെന്നാഗ്രഹിക്കുന്നു.
ഷൂട്ടിംഗ് സമയത്ത് ക്ലാസുകൾ നഷ്ടപ്പെടുന്പോൾ?
മൂന്നാം ക്ലാസ് മുതൽ മാനേജ് ചെയ്യുന്നതല്ലേ, അങ്ങനെയങ്ങ് ശീലമായി. പിന്നെ ഇഷ്ടമുള്ള സബ്ജക്ട്സ് ഒറ്റയ്ക്കിരുന്നായാലും പഠിക്കും. ഇത്ര വർഷത്തിനിടയിൽ ട്യൂഷനു പോകേണ്ട സാഹചര്യം വന്നിട്ടില്ല. പിന്നെ ടീച്ചർമാരും ഫ്രണ്ട്സും സപ്പോർട്ടീവാണ്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ഒരു ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. മേയ് മാസം അതിന്റെ ഷൂട്ടിംഗ് തുടങ്ങും. തെലുങ്കിൽനിന്നും ഓഫർ വരുന്നുണ്ട്. നായിക എന്ന നിലയിലുള്ള ചിത്രങ്ങളായിരിക്കും ഇനി കൂടുതൽ പരിഗണിക്കുന്നത്.
എസ്തറും അനുജൻ എറിക്കും സിനിമയിലെത്തി. സഹോദരൻ ഇവാന് അഭിനയത്തോട് താല്പര്യമില്ലേ?
മുന്പ് സിനിമയിലഭിനയിക്കാൻ ഇവാന് അവസരം ലഭിച്ചെങ്കി ലും അവനു താത്പര്യമില്ലാ യി രുന്നു. പക്ഷേ, ആ സിനിമ വലിയ ഹിറ്റായപ്പോൾ മിസ് ആക്കിയല്ലോ എന്നായി. ഇപ്പോൾ ആസിഫ് അലിയുടെ മന്ദാരം എന്ന ചിത്രത്തിൽ എറിക്കും ഇവാനും അഭിനയിക്കുന്നുണ്ട്. ആസിഫിന്റെ ബാല്യം എറിക്കും കൗമാരം ഇവാനുമാണ് അഭിനയിക്കുന്നത്.
ലിജിൻ കെ. ഈപ്പൻ