തൊടുപുഴ: മൂന്നാർ പെട്ടിമുടിയിലെ ദുരന്തം എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. കല്ലുകൊണ്ടും പലകയടിച്ചും ഭിത്തി നിർമിച്ച ലയങ്ങളെ പലപ്പോഴും മഴയിൽ നിന്നും കാറ്റിൽ നിന്നു രക്ഷിക്കുന്നത് തകര ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളുമാണ്.
അതിശക്തമായ കാറ്റോ മഴയോ പെയ്താൽ ലയങ്ങൾ അപ്പാടെ തകരുമെന്ന കാര്യം ഉറപ്പാണെന്നിരിക്കെയാണ് പിഞ്ചുകുട്ടികളുമൊക്കെയായി തൊഴിലാളികുടുംബങ്ങൾ ഇത്തരം ലയങ്ങളിൽ കഴിയുന്നത്.
ഇപ്പോൾ പെട്ടിമുടിയിൽ ഉരുൾപൊട്ടലിന്റെ രൂപത്തിലാണ് ആർത്തലച്ചെത്തിയ മണ്ണും മലവെള്ളവും തൊഴിലാളി ജീവനുകൾ കവർന്നതെങ്കിലും ഇടുക്കിയിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും ജീവൻ കൈയിൽപ്പിടിച്ച് ഇത്തരം ലയങ്ങളിൽ തന്നെയാണ് കഴിയുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത്. നീളത്തിൽ കെട്ടിയ ഒരു ലയത്തിൽ നാലും അഞ്ചും കുടുംബങ്ങൾ ഓരോ ഭിത്തിയുടെയും വ്യത്യാസത്തിൽ കഴിയുന്നു.
യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ നശിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത്. ഇതിനിടെ പ്രതിസന്ധി മൂലം പൂട്ടിപ്പോയ തേയിലത്തോട്ടങ്ങളിലും ഇത്തരത്തിൽ ഇടിഞ്ഞു പൊളിഞ്ഞ എസ്റ്റേറ്റ് ലയങ്ങളിൽ നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അപകട സാധ്യതയേറിയ മലഞ്ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ലയങ്ങളിൽ പ്രാണൻ കൈയിലെടുത്താണ് തോട്ടം തൊഴിലാളികൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.
കാലപ്പഴക്കം കൊണ്ട് നാശത്തിന്റെ വക്കിലെത്തിയ ലയങ്ങളിൽ തകര ഷീറ്റുകളും മറ്റും മറച്ചാണ് കുടുംബങ്ങൾ കഴിയുന്നത്. മലവെള്ളപ്പാച്ചിൽ പാഞ്ഞെത്തിയാൽ അതിനെ ചെറുക്കാനുള്ള ശേഷി ഈ കെട്ടിടങ്ങൾക്കില്ല. മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ മാത്രം നൂറോളം എസ്റ്റേറ്റ് ലയങ്ങളുണ്ട്.
ഇവിടെ നൂറു കണക്കിനു കുടുംബങ്ങളും കഴിയുന്നു. സമാന അവസ്ഥയാണ് മറ്റ് പല എസ്റ്റേറ്റുകളുലുമുള്ളത്. പെട്ടിമുടിയിൽ ബാക്കി നിൽക്കുന്ന ലയങ്ങളുടെ അവസ്ഥ കണ്ടാൽ തൊഴിലാളികളുടെ ദുസ്ഥിതി മനസിലാകും. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇവരുടെ ദുരവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുന്നുവെന്നതാണ് വസ്തുത.