ന്യൂഡൽഹി: ലോകത്തെ മുൾമുനയിൽ നിർത്തിയ വാനാക്രൈ എന്ന റാൻസംവേർ വൈറസിന്റെ ആക്രമണം മന്ദീഭവിച്ചപ്പോൾ പുതിയ വൈറസ് രംഗത്ത് എത്തുന്നതായി റിപ്പോർട്ട്. എസ്റ്റീംഒാഡിറ്റ് ( EsteemAudit) എന്നാണ് പുതിയ വൈറസിന്റെ പേര്. റാൻസംവേർ പോലെ ആക്രമണകാരിയാണ് പുതിയ വൈറസും.
യുഎസ്് ദേശീയ സുരക്ഷാ ഏജൻസി വികസിപ്പിച്ചെടുത്തതാണ് ഈ ടൂളും. കഴിഞ്ഞ ഏപ്രിലിൽ “ദി ഷാഡോ ബ്രോക്കേഴ്സ്’ എന്ന ഹാക്കേഴ്സ് ഈ ടൂൾസ് തങ്ങൾ തട്ടിയെടുത്തുവെന്ന അവകാശവാദവുമായി ഓണ്‍ലൈനിൽ പരസ്യപ്പെടുത്തിയിരുന്നു. എസ്റ്റീംഒാഡിറ്റ് ബ്ലാക് വെബിൽ വിൽപനയ്ക്കായി ഹാക്കർമാർ വച്ചിട്ടുണ്ടെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. നേരത്തെ വാനാക്രൈയും ഡാർക് വെബിൽ ഹാക്കർമാര്‍ വിൽപനയ്ക്ക് വച്ചിരുന്നു.
നിരവധിപ്പേരാണ് വാനാക്രൈ ഡാർക് വെബിൽ നിന്ന് വാങ്ങിയത്. ഇതിനെതിരായ പ്രതിരോധം ശക്തമായ സാഹചര്യത്തിലാണ് പുതിയ വൈറസ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് മാൽവെയർ വൈറസുകളാണ് “ദി ഷാഡോ ബ്രോക്കേഴ്സ്’ എന്ന ഹാക്കര്‍മാർ യുഎസ്് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് ഹാക്ക് ചെയ്തത്. ഇതിൽ ഏറ്റവും അപകടകാരി ഇനിയും പുറത്തെത്താത്ത എറ്റേണൽ ബ്ലൂ (EternalBlue)എന്ന വൈറസാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ഇതുവരെ പുതിയ വൈറസിന്റെ ആക്രമണം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിൻഡോസ് എക്സ് പി, വിൻഡോസ് 8, വിൻഡോസ് സെർവർ 2003 വേർഷനുകളിലുള്ള കംപ്യൂട്ടറുകളെയാണ് പുതിയ വൈറസും ലക്ഷ്യമിടുന്നതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. മൈക്രോസോഫ്റ്റിന്റെ ഒറിജിനൽ സോഫ്റ്റ്വെയർ പാക്കേജ് ഡൗൺലോഡ് ചെയ്തവർക്ക് മാൽവെയർ ആക്രമണത്തെ ഭയക്കേണ്ടതില്ല.അതേസമയം മുൻദിവസങ്ങളെ അപേക്ഷിച്ചു വളരെക്കുറച്ച് ആക്രമണങ്ങളേ റാൻസംവേർ വൈറസ് ഇന്നലെ ഉണ്ടാക്കിയുള്ളൂ. ജപ്പാൻ, കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചെറിയ തോതിൽ ആക്രമണമുണ്ടായി.
ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലകളിൽ പോലീസ് കംപ്യൂട്ടർ നെറ്റ് വർക്കും കേരളത്തിൽ പത്തനംതിട്ട, കൊല്ലം, വയനാട്, തൃശൂർ എന്നീ ജില്ലകളിലും വൈറസ് ബാധിച്ചിരുന്നു. ഇന്ത്യയുടെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീ (സെർട്ട്- ഇൻ)മിന് തിങ്കൾ വൈകുന്നേരം വരെ ഒറ്റപ്പെട്ട ആക്രമണ റിപ്പോർട്ടുകളേ ലഭിച്ചുള്ളൂ.
ബാങ്കിംഗ്, ടെലികോം, ഊർജം, റെയിൽവേ, വ്യോമഗതാഗതം തുടങ്ങിയ നിർണായക മേഖലകളിൽ അതീവ ജാഗ്രത പുലർത്തിയെന്നു സെർട്ട് തലവൻ സഞ്ജയ് ബഹൽ പറഞ്ഞു.