കോട്ടയം: വിഷുവിന്റെ വരവറിയിച്ച് മഞ്ഞപ്രഭ തൂകി നാടാകെ കണിക്കൊന്നകൾ പൂത്തുലഞ്ഞതിനു പിന്നാലെ ഈസ്റ്ററിന്റെ അലങ്കാരം നിറച്ചും ഉത്ഥാനത്തിന്റെ ശോഭ പകർന്നും ഈസ്റ്റർ ലില്ലി പൂവിട്ടു.
പണ്ടുകാലങ്ങളിൽ തൊടിയിലും പറന്പിലും ധാരാളം കണ്ടിരുന്ന ഈസ്റ്റർ ലില്ലി പൂക്കൾ ഇപ്പോൾ വളരെ വിരളമാണ്. പാടത്തിനുസമീപവും തൊടിയിലും പൂവിട്ട ഈസ്റ്റർ ലില്ലി പൂക്കളിൽ ഭൂരിഭാഗവും കനത്ത മഴയിൽ തണ്ട് ഒടിഞ്ഞ നിലയിലാണ്.
സസ്യശാസ്ത്രപരമായി ലില്ലിയം എന്ന ജനുസിൽ ഉൾപ്പെടുന്ന ഒരു കൂട്ടം പുഷ്പിത സസ്യങ്ങളാണ് ഏപ്രിൽ ലില്ലികൾ എന്നു വിളിക്കുന്ന ഈസ്റ്റർ ലില്ലി.
ഏപ്രിൽ മാസത്തിൽ പൂക്കുന്നത് കൊണ്ടാണു ഏപ്രിൽ ലില്ലി എന്ന പേരു വന്നത്. ഈ സമയത്താണ് ഈസ്റ്റർ എന്നതിനാൽ ഈസ്റ്റർ ലില്ലിയെന്നും വിളിക്കും.
മേയ് മാസത്തിൽ ചില ചെടികൾ പൂക്കാറുണ്ട്. ഇതിനെ മേയ് ഫ്ളവർ എന്നാണു വിളിക്കുന്നത്. ലില്ലികൾ മിക്കവയും ജനുവരി – ഫെബ്രുവരിയിൽ കിളിർക്കുകയും ഏപ്രിൽ-മേയിൽ പുഷ്പിച്ച് ചെടിയോടെ അപ്രത്യക്ഷമാകും.
സവാള പോലെയുള്ള കിഴങ്ങുകൾ അടുത്ത സീസണിലേക്ക് കാത്ത് മണ്ണിലുണ്ടാകും.ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിൽ അതി മനോഹരമാണ് മിക്ക ലില്ലികളും.
വ്യത്യസ്ത നിറങ്ങളിലുള്ള അനേകം ലില്ലികൾ ഇപ്പോൾ ഉദ്യാന നഴ്സറികളിലും ലഭ്യമാണ്. ഇവ വർഷത്തിൽ പല തവണ പൂക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങൾ അലങ്കരിക്കുന്നതിനായും ലില്ലിപ്പൂക്കൾ ഉപയോഗിക്കാറുണ്ട്.