മാനന്തവാടി: മൂന്ന് പതിറ്റാണ്ടുകളായി ദേവീ സാനിധ്യത്തിൽ പുജാധികർമ്മങ്ങൾ നടത്തുന്പോഴും പൊതുജനങ്ങൾക്ക് മഹാ സൗഭാഗ്യങ്ങൾ നൽകുകയാണ് തോണിച്ചാൽ സ്വദേശിയായ ഐശ്വര്യ നിവാസിൽ എസ്. ഈശ്വര സ്വാമി എന്ന അറുപതുകാരൻ. മാനന്തവാടി നഗരത്തിൽ ലോട്ടറി കച്ചവടം നടത്തുന്പോഴും കോഴിക്കോട് റോഡിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് വഴികാട്ടികൂടിയാണ് ഈശ്വര സ്വാമി.
മാനന്തവാടി നഗരത്തിലെത്തുന്നവർക്ക് മറക്കാൻ കഴിയില്ല ഈശ്വര സ്വാമിയെ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈശ്വര സ്വാമിയുടെ ഈ സൗഭാഗ്യ സമ്മാന ടിക്കറ്റ് വിൽപ്പന. മുപ്പത് വർഷമായി മാനന്തവാടിയിലെ ലോട്ടറി വിൽപ്പന രംഗത്തുണ്ട് ഈ നിറസാനിധ്യം. പേരുകൊണ്ടും കർമ്മം കൊണ്ടും ഈശ്വരനെന്ന ലോട്ടറി വിൽപ്പനക്കാരൻ എടവക പഞ്ചായത്തിലെ രണ്ട് ക്ഷേത്രങ്ങളിലെ മേൽശാന്തികൂടിയാണ്.
എടവക ചൊവ്വാഭാവതി ക്ഷേത്രത്തിൽ കഴിഞ്ഞ 14 വർഷവും മൂളിതോട് സീതാലവകുശ ക്ഷേത്രത്തിൽ കഴിഞ്ഞ 13 വർഷമായും പൂജാദികർമ്മങ്ങൾ ചെയ്തു വരുന്ന ഈശ്വര സ്വാമി തന്റെ ക്ഷേത്ര സമയത്തിന് ശേഷം മൈക്ക് അനൗണ്‍സ്മെന്റുമായി മാനന്തവാടിയിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന തിരക്കിലായിരിക്കും. മാനന്തവാടി നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവർ കൂടിയായ ഈശ്വര സ്വാമി ജൂലൈയിൽ ലോട്ടറി വിൽപ്പന രംഗത്ത് നിന്നും വിരമിക്കും. മൂന്ന് പതിറ്റാണ്ട് കാലത്തെ ലോട്ടറി വിൽപ്പന കൊണ്ട് രണ്ട് പെണ്‍കുട്ടികളെ വിവാഹം നടത്തി.