കൊട്ടാരക്കര: അറിവിന്റെ കവാടം തുറന്നിട്ട് ഈ വിദ്യാലയം മാതൃക ആവുകയാണ്. ഇവിടെ അക്ഷര പുരക്ക് താഴും പൂട്ടുമില്ല. വിദ്യാർഥികൾക്ക് ആരുടേയും ആനുവാദം ഇല്ലാതെ പുസ്തകം എടുത്തു വായിക്കാം തിരിച്ചു വെക്കാം. കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കുളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ ഇത്തരത്തിൽ ഒരു തുറന്ന വായനശാല ആരംഭിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിലെ കുട്ടികളാണ് തുറന്ന വായനാശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചത്.എൻ എസ് എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കുട്ടികൾ പലയിടങ്ങളിൽ നിന്നും വായനാശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു. കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, ജീവചരിത്രം, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിങ്ങനെ തരം തിരിച്ച് സ്കൂളിൽ ഏൽപ്പിച്ചു.
കുട്ടികൾ തന്നെ ഒരു അലമാരയിൽ സ്കൂളിന്റെ വരാന്തയിൽ തന്നെ വായനാശാല പുന:സൃഷ്ടിച്ചു. കുട്ടികൾക്കും സ്കൂളിൽ എത്തുന്ന രക്ഷിതാക്കൾക്കും ഇവിടെ എത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ എടുത്തു വായിക്കാം. ആവശ്യമായ പുസ്തകങ്ങൾ വീടുകളിൽ കൊണ്ടു പോയി വായിക്കണമെങ്കിൽ അവർക്ക് നാഷണൽ സർവീസ് സ്കീമിലെ വയനാശാലയുടെ ചുമതലയുള്ള ലീഡറെ സമീപിക്കാവുന്നതാണ്.
ഈ വായനാശാലയിലേക്ക് വിജ്ഞാന പ്രഥമായ പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും നൽകാവുന്നതാണ്. നൽകുന്നവരുടെ പേര് പുസ്തകത്തിൽ എഴുതി സൂക്ഷിക്കും. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇരുനൂറിലധികം വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങൾ തുറന്ന വയനാശാലയിൽ എത്തിച്ചിട്ടുണ്ട്.
എല്ലാ സ്കൂളിലും ലൈബ്രറിയും ലൈബ്രറിക്ക് ചുമതലപ്പെട്ട അധ്യപകരും ഉണ്ടാകും. എന്നാൽ കുട്ടികൾ കുട്ടികൾക്കായി പുസ്തക വിതരണം നടത്തുന്ന തുറന്ന വായനാശാലയെ പ്രോൽസാഹിപ്പിക്കാറില്ല. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെ ഇത്തരം സംരംഭം തുടങ്ങിയിട്ടുള്ളത്.
തുറന്ന വായനാശാല റിട്ട. അധ്യാപകനും എഴുത്തുകാരനുമായ നീലേശ്വരം സദാശിവനാണ് ഉദ്ഘാടനം ചെയ്തത്. പി ടി എ പ്രസിഡന്റ് ഗോപകുമാർ വി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലേഖ ജെ നായർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എം എസ് ഹരികുമാർ, പി ടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ, എൻഎസ് എസ് പ്രതിനിധികളായ സുബിൻ, അഖില എന്നിവർ പ്രസംഗിച്ചു.