പാലാ: ബസ് യാത്രയ്ക്കിടയിൽ മോഷണം ലക്ഷ്യമിട്ട് ജില്ലയിൽ എത്തിയിരിക്കുന്നതു നിരവധി സംഘങ്ങൾ.
ഇന്നലെ ഏറ്റുമാനൂർ-പാലാ റൂട്ടിൽ ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച മധുര സ്വദേശിനിയെ പാലാ പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇത്തരത്തിൽ മോഷണം ലക്ഷ്യമിട്ട് നിരവധി പേരടങ്ങുന്ന സംഘങ്ങൾ ജില്ലയിൽ എത്തിയിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്.
മധുര സ്വദേശിനി ഈശ്വരി (50)യെയാണു പിടിയിലായത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാൻ കാരണമായത്.
ഏറ്റുമാനൂർ മംഗളം കോളജിനുസമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകൾ ഷേർളി, അയൽവാസികളായ നിജ, വത്സമ്മ എന്നിവർ അരുവിത്തുറ പള്ളിയിലേക്കു പോകാനാണ് കോട്ടയം-തൊടുപുഴ കെഎസ്ആർടിസി ബസിൽ കയറിയത്.
ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു.
ചേർപ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി, ചേർപ്പുങ്കലെത്തിയപ്പോൾ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെഎസ്ആർടിസി ഡ്രൈവർ ശ്രദ്ധിച്ചിരുന്നു.
പാലാ സ്റ്റാൻഡിലെത്തിയപ്പോൾ ഈശ്വരി ആദ്യം ബസിറങ്ങി. വല്ലതും നഷ്ടപ്പെട്ടോയെന്നു കെഎസ്ആർടിസി ഡ്രൈവർ ചോദിച്ചപ്പോഴാണു ചിന്നമ്മയുടെ രണ്ടു പവൻ വരുന്ന മാല കാണാനില്ലെന്നു വ്യക്തമായത്.
ഈശ്വരി കോട്ടയത്തേക്കുള്ള ബസിൽ കയറിയതായി ഡ്രൈവർ പറഞ്ഞതോടെ ഓട്ടോറിക്ഷയിൽ ചിന്നമ്മയും മൂന്നു പേരും പിന്നാലെയെത്തി ളാലം സ്റ്റാൻഡിൽ വച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.
ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപ്പെടാനും ശ്രമിച്ചു. തുടർന്നു പാലാ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ബസ് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.