തൃശൂർ: പുരാണത്തിൽ ദേവഗുരു ബൃഹസ്പതിയാണെങ്കിൽ ഭൂമിയിലെ വൈദ്യഗുരുവായിരുന്നു ഇന്നലെ ഈ ഭൂമിയെ വിട്ടുപോയ അഷ്ടവൈദ്യൻ തൈക്കാട്ടുശേരി ഇ.ടി.നാരായണൻ മൂസ്.
കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കു മുകളിൽ കുഞ്ഞന്പിളി ഉദിച്ച പോലെ നേരിയ വെളുപ്പുകലർന്ന ചന്ദനപ്പൊട്ട് ചെറിയ വട്ടത്തിൽ, അതിനുമേലെ ചന്ദനക്കുറി…മുഖം നിറയെ ശാന്തത ചാലിച്ച പുഞ്ചിരി…
അസുഖമായി എത്തുന്ന രോഗിക്ക് അസുഖത്തിലെ അ ഇല്ലാതാക്കി സുഖം ലഭിക്കാൻ ആ പുഞ്ചിരി ധാരാളം. വൈദ്യഗുരുവായി വിശേഷിപ്പിക്കാമെങ്കിലും അവസാനകാലംവരെ ആയുർവേദത്തിൽ പഠനങ്ങൾ നടത്തിയ വിദ്യാർഥി കൂടിയായിരുന്നു അദ്ദേഹമെന്ന് പറയാതിരിക്കാനാകില്ല.
ലോകം കോവിഡെന്ന മഹാമാരിയിൽ പെട്ടുഴലുന്ന കാലത്താണ് അദ്ദേഹത്തിന്റെ വേർപാട്. സമയവും കാലവും അനുവദിച്ചിരുന്നെങ്കിൽ അദ്ദേഹം നിശ്ചയമായും ഈ മഹാമാരിക്കൊരു ആയുർവേദ പരിഹാരം കണ്ടെത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
പഴമകളേയും പാരന്പര്യത്തേയും അടിത്തറയാക്കി പുതിയകാലത്തെ അതിനോടു ചേർത്തുനിർത്തി ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത വൈദ്യഗുരു തന്നെയായിരുന്നു അദ്ദേഹം.
പുതിയ കാലത്തെ പഠനങ്ങളേയും കണ്ടുപിടുത്തങ്ങളേയും അപ്പാടെ തള്ളിക്കളഞ്ഞ് പഴമയും പാരന്പര്യവും മാത്രമാണ് ശരിയെന്ന മൂഢവിശ്വാസത്തിൽ അദ്ദേഹം തളയ്ക്കപ്പെട്ടില്ല.
അറിവു പകർന്നുനൽകേണ്ടതു തന്നെയാണെന്ന വിശ്വാസമുൾക്കൊണ്ട് ആയുർവേദത്തിന്റെ് മാഹാത്മ്യം ലോകത്തിലേക്ക് എത്താൻ ആയുർവേദപഠന സ്ഥാപനങ്ങൾ പലതും അദ്ദേഹം തുടങ്ങിവെച്ചു.
മറ്റെല്ലാ വൈദ്യശാസ്ത്രമേഖലയേയും പോലെ ആയുർവേദവും ലോകമെങ്ങും അംഗീകരിക്കപ്പെടുമെന്നും പ്രചാരം കിട്ടുമെന്നും അദ്ദേഹം ദീർഘദൃഷ്ടിയിൽ കണ്ടു.
കടലേഴും താണ്ടി തൈക്കാട്ടുശേരി എന്ന കൊച്ചു നാട്ടിൻപുറത്തേക്ക് ഭൂഗോളത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. അമേരിക്കയിലും ജപ്പാനിലും എന്നുവേണ്ട ലോകത്തിന്റെ പല ഭാഗത്തും വൈദ്യരത്നത്തിന്റെ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്ന സ്വദേശികളും വിദേശികളും നിരവധി പേരാണ്.
രോഗികളോട് സൗമ്യനും അതേസമയം നിഷ്ഠകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവരോട് കാർക്കശ്യക്കാരനുമായിരുന്നു അദ്ദേഹം. രോഗം മാറ്റാനാണ് ഏതൊരു വൈദ്യനും ശ്രമിക്കുന്നത്. അതിന് വൈദ്യനോടൊപ്പം രോഗിയും ശ്രമിക്കണം.
ചിട്ടകളും നിഷ്ഠകളും പാലിക്കാൻ പറയുന്നതിലും പഥ്യം വേണമെന്ന് പറയുന്നതിലുമൊക്കെ കാര്യങ്ങളുണ്ട്. അവ പാലിക്കാതെ രോഗി ചികിത്സക്ക് വിധേയമാകുന്പോൾ ഫലമുണ്ടാകില്ല. അതുകൊണ്ടാണ് പലപ്പോഴും രോഗികളോട് വൈദ്യന് കാർക്കശ്യക്കാരനാകേണ്ടി വരുന്നത് – ഒരിക്കൽ അദ്ദേഹം പറഞ്ഞു.
സ്വന്തം വീട്ടിലിരുന്ന് ചികിത്സാവിധികൾ നൽകിയിരുന്ന അച്ഛൻ നീലകണ്ഠൻ മൂസിന്റെ പാതയിലൂടെ തന്നെയായിരുന്നു മകന്റെ യാത്രയും. ആയുർവേദത്തെ സാധാരണക്കാർക്കുകൂടി സാധ്യമാകുന്ന ഒരു പൊതു ചികിത്സാരീതിയായി മാറ്റിയെടുക്കുന്നതിന് അദ്ദേഹം പരിശ്രമിക്കുകയും അതിൽ ഫലസിദ്ധിയുണ്ടാവുകയും ചെയ്തു.
ആയുർവേദം വലിയ ചെലവ് വരുന്ന ചികിത്സാരീതിയാണ് എന്ന ധാരണ മാറ്റിയെടുത്ത് ഇത് സാധാരണക്കാർക്കും പ്രാപ്യമാകുമെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി.
കോളേജിനോട് ചേർന്ന് പ്രവത്തിക്കുന്ന ആയുർവേദ ആശുപത്രി തികച്ചും സൗജന്യമായി തന്നെ സാധാരണക്കാർക്ക് പ്രാപ്തമാകുന്ന രീതിയിൽ ചികിത്സ നൽകിക്കൊണ്ടിരിക്കുന്നു. കച്ചവടമല്ല ആതുരശുശ്രൂഷയെന്നും അതൊരു സേവനമാണെന്നും കാണിച്ചു തന്നാണ് വൈദ്യഗുരു വിടവാങ്ങിയത്.